ഹൈടെക് മോഷണം മുതല്‍ പോക്കറ്റടി വരെ; 'അതിഥി' കെണിയില്‍ വീണ മലയാളി

അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കെത്തുന്ന അതിഥി തൊഴിലാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കേരളത്തിലുള്ളവര്‍ക്ക് തൊഴിലെടുക്കാന്‍ മടിയായതിനാല്‍ അടുക്കള മുതല്‍ സോഫ്റ്റ്‍വെയര്‍ രംഗത്തുവരെ എല്ലായിടത്തും അതിഥി തൊഴിലാളികളാണെന്ന് തമാശരൂപേണ പലപ്പോഴും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്കൊപ്പം നാട്ടില്‍ കടന്നുകൂടുന്ന ചിലര്‍ മലയാളികള്‍ക്ക് വലിയ പണികളാണ് കൊടുക്കുന്നത്. 

ഇതിന് ഉദാഹരണമാണ് അതിഥി തൊഴിലാളികള്‍ പ്രതികളായ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. മോഷണം മുതല്‍ കൊലപാതകവും പീഡനവും വരെ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി എഴുതിചേര്‍ന്നത് സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണമാണ്. അതിഥി തൊഴിലാളികളെന്ന വ്യാജേന എത്തി കേരളത്തെ വിറപ്പിച്ച അത്തരം ചില മോഷണ കേസുകള്‍ പരിശോധിക്കാം. 

ബണ്ടിച്ചോറാണ് ഇതില്‍ ഒരു പ്രമുഖന്‍. 13 വര്‍ഷം മുന്‍പാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണവും ആഡംബര കാറുമാണ് 500ലധികം കേസുകളില്‍ പ്രതിയായ ബണ്ടിച്ചോറെന്ന ഡല്‍ഹി സ്വദേശി ദേവിന്ദര്‍ സിങ് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പത്ത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ കൊല്ലം ഡല്‍ഹിയില്‍ വെച്ച് മറ്റൊരു കേസില്‍ അറസ്റ്റിലായിരുന്നു. 

വ്യക്തികള്‍ മാത്രമല്ല സംഘങ്ങളായും ഇത്തരം മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ പ്രധാനികളായിരുന്നു തമിഴ്നാട് സ്വദേശികളുടെ കുറുവ സംഘം. തിരുച്ചിറപ്പള്ളിയിലും സേലത്തുമാണ് ഇവരുടെ താമസം. ആയുധങ്ങളുമായി എത്തുന്ന ഇവര്‍ മാരകമായി ആക്രമിച്ചാണ് മോഷണം നടത്തുക. പകല്‍ കൊള്ളക്കായുള്ള നീരിക്ഷണം നടത്തി രാത്രികാലങ്ങളില്‍ മോഷണത്തിനിറങ്ങും. ആദ്യം തമിഴ്നാട്ടില്‍ മാത്രമായിരുന്ന സംഘം പിന്നീട് കേരളത്തിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സംഘത്തിലെ ചിലരെ കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും പിടികൂടിയിരുന്നു. മോഷണത്തിന് പേരുകേട്ട ഒരു ഗ്രാമവും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. തിരുച്ചിറപ്പള്ളിക്കടുത്തുള്ള റാംജി നഗറാണ് തിരുട്ടഗ്രാമമെന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സംഘത്തിലെ ചിലര്‍ ജോലിക്കെന്ന വ്യാജേന കേരളത്തില്‍ താമസിച്ച് മോഷണത്തിന്‍റെ പ്ലാന്‍ തയാറാക്കും. പിന്നീട് സംഘാംഗങ്ങള്‍ എത്തി മോഷണം നടത്തുകയാണ് പതിവ്. 

ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രം എന്ന് അറിയപ്പെടുന്ന ഝാര്‍ഖണ്ഡിലെ ജംതാര ഗ്രാമവും മലയാളികള്‍ക്കായി വലവിരിച്ചിട്ടുണ്ട്. ഈ വലയില്‍ മലയാളികള്‍ വീണിട്ടുമുണ്ട്. കേരളത്തിലെ മിക്ക എടിഎം കവര്‍ച്ചകള്‍ക്ക് പിന്നിലും ഹരിയാനയിലെ ഷിക്കാര്‍പൂര്‍ ഗ്രാമത്തിലെ മോഷ്ടാക്കാളാണ്. മോഷണം മാത്രമല്ല വേണ്ടിവന്നാല്‍ കൊല്ലാനും മടിക്കാത്തവരാണ് ഈ സംഘം. ഈ വര്‍ഷം ആദ്യം ആലുവയില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഉത്തരാഖണ്ഡ് സ്വദേശികളായിരുന്നു. അജ്മീറിലേക്ക് കടന്ന പ്രതികളെ കേരള പൊലീസ് അവിടെയെത്തി പിടികൂടുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ വെടിവെയ്പ്പും ഉണ്ടായിരുന്നു.

Theft of guest workers in Kerala