എല്‍ഇഡി ബള്‍ബ് വിഴുങ്ങി അഞ്ചു വയസുകാരന്‍; ശ്വാസകോശത്തില്‍ കുടുങ്ങി

 അഞ്ച് വയസുകാരന്‍ അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് ശ്വാസകോശത്തില്‍ നിന്ന് നീക്കം ചെയ്തു. ചെന്നൈ ശ്രീ രാമചന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. ബ്രോങ്കോസ്കോപി വഴിയാണ് ഡോക്ടര്‍മാര്‍ ബള്‍ബ് പുറത്തെടുത്തത്.

വെള്ളിയാഴ്ച്ച കനത്ത ചുമയും ശ്വാസംമുട്ടലും ഉണ്ടായതിനെത്തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് തവണ ബള്‍ബ് പുറത്തെടുക്കാനുള്ള ശ്രമം വിഫലമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടിക്ക് ഓപ്പണ്‍ ചെസ്റ്റ് സര്‍ജറി വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. കുട്ടിക്ക് ഐസിയുവോ വെന്‍റിലേറ്ററോ വേണ്ടിവന്നില്ലെന്നും കുട്ടിയെ അധികം വൈകാതെ വീട്ടിലേക്ക് അയയ്ക്കുമെന്നും ബള്‍ബ് പുറത്തെടുത്തതിന് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.