നാലാം നിലയില്‍ നിന്ന് താഴേക്ക് വീണു; അദ്ഭുതകരമായി രക്ഷപെട്ട് 7 മാസം പ്രായമുള്ള കുഞ്ഞ്

ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു. രണ്ടാം നിലയുടെ പാരപ്പെറ്റിന് മുകളില്‍ തങ്ങി കിടക്കുന്ന കുഞ്ഞിന്റെ വിഡിയോയാണ് ഏവരുടേയും ഹൃദയമിടിപ്പ് കൂട്ടി സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 

ചെന്നൈയിലെ തിരുമുല്ലവയലിലെ വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ കുഞ്ഞിന് ബാല്‍ക്കണിയില്‍ നിന്ന് ഭക്ഷണം നല്‍കുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. 

രണ്ടാം നിലയുടെ പാരപ്പെറ്റില്‍ 15 മിനിറ്റിലേറെ കുഞ്ഞ് കുടുങ്ങി കിടന്നു. ഇത് കണ്ട് ആളുകള്‍ ഓടിക്കൂടി. കുഞ്ഞ് വീഴാനുള്ള സാധ്യത മുന്‍പില്‍ കണ്ട് ഇവര്‍ താഴെ ബെഡ്ഷീറ്റ് വിരിച്ചു നിന്നു. ഈ സമയം ഒന്നാം നിലയുടെ ജനാലപ്പടിയില്‍ നിന്ന് ഒരു യുവാവ് കുഞ്ഞിനെ സുരക്ഷിതമായി കൈകളിലെടുത്തു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല. കുഞ്ഞ് വീണത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ആവാഡി പൊലീസ് അറിയിച്ചു. 

Baby boy fell from fourth floor