ഫിറോസ്പൂരില്‍ ഗുരീന്ദര്‍ സിങ് ധില്ലണ്‍?; സീറ്റൊഴിച്ചിട്ട് കോണ്‍ഗ്രസ്

അഞ്ച് പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന പഞ്ചാബിലെ ഫിറോസ്പൂരില്‍ മുന്‍ എഡിജിപി ഗുരീന്ദര്‍ സിങ് ധില്ലണെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്. ഇന്നലെ ധില്ലണും ഭാര്യയും കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഒഴുക്കിനെതിരെ പോരാടാനായാണ് ഇറങ്ങിതിരിച്ചതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ സ്ഥാനാര്‍ഥിയാകുമെന്നും ധില്ലണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

രാഹുല്‍ ഗാന്ധി ഭാരത് ജോഡോയും സുവര്‍ണ ക്ഷേത്ര സന്ദര്‍ശനവും നടത്തുമ്പോള്‍ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഗുരീന്ദര്‍ സിങ് ധില്ലണ്‍ ആയിരുന്നു  പഞ്ചാബ് എഡിജിപി. സുവര്‍ണ ക്ഷേത്രത്തില്‍ രാഹുലിനോടൊപ്പമുള്ള ധില്ലണിന്റെ ഫോട്ടോകളും വീഡിയോകളും പഞ്ചാബില്‍ വൈറലായി. വിമര്‍ശനവും കേട്ടെങ്കിലും  യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍  രാഹുലിന്‍റെ പ്രിയപ്പെട്ടവനായി. അടുത്ത മാസം  31ന്  വിരമിക്കാനിരിക്കെയാണ്  ഗുരീന്ദര്‍ സിങ് ധില്ലണ്‍ കോണ്‍ഗ്രസിലെത്തിയത്. 

പഞ്ചാബിലെ 13 സീറ്റുകളില്‍ ഫിറോസ്പൂർ മാത്രം കോണ്‍ഗ്രസ് പ്രഖ്യാപിക്കാതെ മാറ്റിവെച്ചിരിക്കുന്നത് ധില്ലണ് വേണ്ടിയാണെന്നാണ് സൂചന. കോണ്‍ഗ്രസിന് പുറമേ  എഎപി, എസ്എഡി, ബിഎസ്പി, ബിജെപി തുടങ്ഹിയ പാര്‍ട്ടികളെല്ലാം ഒറ്റക്ക് മത്സരിക്കുന്നതിനാല്‍ ഫിറോസ്പൂരില്‍ പോരാട്ടം കനക്കും.

Gurinder Singh Dhillon may contest from Firozpur in Congress ticket.