ചൂട് കാരണം കുട്ടികള്‍ സ്കൂളിലേക്കെത്തുന്നില്ല; ക്ലാസ് മുറി നീന്തൽക്കുളമാക്കി അധികൃതര്‍

ചൂട് 40 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ ഉത്തർപ്രദേശിലെ കനൗജിലെ ഒരു സ്‌കൂള്‍ ക്ലാസ് മുറി നീന്തൽക്കുളമാക്കി മാറ്റി. ചൂട് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയതോടെ നിരവധി കുട്ടികള്‍ സ്കൂളിലേക്ക് വരാതായതാണ് ഇത്തരം ഒരു നടപടിക്ക് സ്കൂള്‍ അധികൃതരെ നിര്‍ബന്ധിച്ചത്. എൻഡിടിവി പുറത്തുവിട്ട വീഡിയോകളിൽ മഹസൗനാപൂർ ഗ്രാമത്തിലെ ഒരു പ്രൈമറി സ്കൂളിലെ നിരവധി വിദ്യാർഥികൾ ക്ലാസ് മുറിയിലെ കൃത്രിമ നീന്തൽക്കുളത്തിൽ കളിക്കുന്നത് കാണാം. 

'കഴിഞ്ഞ കുറച്ച് കാലമായി ചൂട് 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നിരിക്കുകയാണ്. ഇത് സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറച്ചു. എന്നാൽ സ്കൂളിലെ ഒരു ക്ലാസ് മുറിയ കൃത്രിമ നീന്തൽക്കുളമാക്കിയതോടെ കുട്ടികൾ വരാൻ തുടങ്ങി. അവരിപ്പോൾ പഠിക്കുകയും നീന്തിക്കൊണ്ട് ചൂടിൽ നിന്ന് മോചനം നേടുകയും ചെയ്യുന്നുണ്ട്' എന്നാണ് സ്കൂൾ പ്രിൻസിപ്പൽ വൈഭവ് രജ്പുത് പറയുന്നത്. 

തിങ്കളാഴ്‌ച പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസായി ഉയർന്നതോടെ ഇന്ത്യയിലെ വലിയ പ്രദേശങ്ങൾ കടുത്ത ചൂടിൽ  വലയുകയാണ്.  കിഴക്കൻ ഇന്ത്യയിൽ മെയ് 1 വരെയും ദക്ഷിണ മേഖലയില്‍ അടുത്ത അഞ്ച് ദിവസങ്ങളിൽ തീവ്രമായ ചൂട് ഉണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിങ്കളാഴ്ച അറിയിച്ചു.

അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആന്ധ്രാപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ കടുത്ത ചൂട് കുടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് നൽകിയിട്ടുണ്ട് . തെലങ്കാന, കർണാടക, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലര്‍ട്ടാണ്.

റെഡ് അലര്‍ട്ട് നൽകിയിട്ടുള്ള പ്രദേശങ്ങളിലെ ആളുകൾക്ക് ഉഷ്ണരോഗവും സുര്യാഘാതവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് നൽകിയിട്ടുള്ള പ്രദേശങ്ങളിൽ, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുകയോ ഭാരിച്ച ജോലികൾ ചെയ്യുകയോ ചെയ്യുന്നവരിൽ ഉഷ്ണരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.