മീറ്റ്ന തടയണ ചരിത്രത്തിൽ ആദ്യമായി വറ്റിവരണ്ടു; ശുദ്ധജല വിതരണ പദ്ധതികൾ പ്രതിസന്ധിയില്‍

ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണ ചരിത്രത്തിൽ ആദ്യമായി വറ്റിവരണ്ടു. ഇതോടെ ശുദ്ധജല വിതരണ പദ്ധതികൾ കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞമാസം അഞ്ജാതര്‍ തടയണയിലെ ഷട്ടറുകള്‍ തുറന്ന് വിട്ടതിന്റെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല.  

ജില്ലയിൽ ആഴ്ചകളായി താപനില നാല്‍പ്പത് ഡിഗ്രിക്കു മുകളിലായതോടെയാണ് മീറ്റ്ന തടയണയിൽ ജലലഭ്യത കുത്തനെ കുറഞ്ഞത്. കഴിഞ്ഞമാസം സാമൂഹിക വിരുദ്ധർ തടയണയിലെ രണ്ട് ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കിവിട്ടതും പ്രതിസന്ധി ഇരട്ടിയാക്കി. തടയണ പ്രദേശത്തു പലയിടത്തും മണൽത്തിട്ടകൾ തെളിഞ്ഞു. 

വെള്ളം കുറഞ്ഞതോടെ ശുദ്ധജല വിതരണത്തിൽ ജല അതോറിറ്റി കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ഒരു മോട്ടോർ ഉപയോഗിച്ചു മാത്രമാണ് പമ്പിങ് നടക്കുന്നത്. നേരത്തെ തുടർച്ചയായി രണ്ട് മോട്ടോറുകൾ ഉപയോഗിച്ചായിരുന്നു പമ്പിങ്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസ്സാണു മീറ്റ്‌നയിലെ തടയണ. രണ്ടിടത്തേക്കുമായി പ്രതിദിനം 19.5 എംഎൽഡി വെള്ളമാണ് ആവശ്യം. നിലവിൽ 9 മില്യൺ ലിറ്റേഴ്സ് വെള്ളം മാത്രമാണു ദിവസേന ലഭിക്കുന്നത്. ഇതുപയോഗിച്ചു മേഖല തിരിച്ചാണു ജലവിതരണം. വേനൽമഴ കനിയുകയോ ആളിയാർ ഡാമിൽ നിന്നുള്ള വെള്ളം എത്തുകയോ ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. അതേസമയം, ആളിയാർ വെള്ളം പുഴയിലെ ഇതര തടയണകൾ കടന്ന് മീറ്റ്‌നയിൽ എത്തുമോയെന്നത് ആശങ്കയാണ്.

Ottapalam Meetna barrage in Bharathapuzha has dried up