പട്ടത്തിന് പിന്നാലെ ട്രാക്കില്‍ ഓടിക്കയറി; ട്രെയിനിടിച്ച് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

ഉത്തര്‍പ്രദേശില്‍ പട്ടം പറത്തുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഹൗറ-ഡൽഹി പാതയിലെ മഹേഷ്പൂർ ഗ്രാമത്തിനടുത്തുള്ള സിബി ഗഞ്ച് എന്നയിടത്താണ് അപകടമുണ്ടായത്. റെയില്‍വേ ലൈനിന് സമീപം താമസിക്കുന്ന കുടുംബങ്ങളിലെ പന്ത്രണ്ട് വയസുകാരന്‍ മുഹമ്മദ് ഫായിസ് എട്ട് വയസുകാരന്‍ സാജിദ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

സംഭവത്തെ കുറിച്ച് ദൃക്സാക്ഷി പറയുന്നതിങ്ങനെ, വൈകുന്നേരങ്ങളി‍ല്‍ റെയിൽവേ ട്രാക്കിന് സമീപമുള്ള ഗ്രൗണ്ടിൽ പട്ടം പറത്താന്‍ കുട്ടികള്‍ പതിവായി എത്തുമായിരുന്നു. പതിവുപോലെ ഞായറാഴ്ച വൈകുന്നേരവും കുട്ടികള്‍ പട്ടം പറത്താനെത്തി. ഇടയ്ക്ക് വച്ച് നൂല്‍ പൊട്ടി പട്ടം നഷ്ടപ്പെട്ടപ്പോള്‍, കുട്ടികള്‍ പട്ടത്തിന് പിന്നാലെ പായുകയായിരുന്നു. ഇതിനിടെയാണ് ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്കിലേക്ക് കയറിയത്. കുട്ടികള്‍ ട്രാക്കിലേക്ക് കയറുന്നതു ശ്രദ്ധയില്‍പെട്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെ‌ടുകയായിരുന്നു. കുട്ടികളുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറി ഇറങ്ങി.

കുട്ടികളുടെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് കുടുംബങ്ങളും ഇതുവരെ മുക്തരായിട്ടില്ല. തന്‍റെ മകൻ പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും ഇത്രയും വേദനായുള്ള മരണം അവന് സംഭവിക്കുമെന്ന് തങ്ങൾ ഒരിക്കലും കരുതിയിരുന്നില്ലെന്നും മരിച്ച ഫായിസിന്‍റെ പിതാവ് മുഹമ്മദ് ഫയാസ് പറഞ്ഞു. അപകടത്തിന്‍റെ ആഘാതത്തില്‍ കുട്ടികളുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. അതുകൊണ്ടു തന്നെ മൃതദേഹം അവന്‍റെ മാതാവിനെ കാണിക്കാന്‍ പോലും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട റെയിൽവേ ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു.

Kids chasing kites hit by train and died.