ഉറക്കം അടിസ്ഥാന അവകാശം; അത് നിഷേധിക്കരുത്; വ്യക്തമാക്കി കോടതി

sleep
പ്രതീകാത്മക ചിത്രം.
SHARE

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവര്‍ക്ക് ഉറങ്ങാനുള്ള അവകാശം നിഷേധിക്കരുത് എന്ന് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റിനോട് ബോംബെ ഹൈക്കോടതി. ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. രാത്രിയില്‍ മൊഴി രേഖപെടുത്തരുതെന്നും, പകലോ, പുലര്‍ച്ചയോ മാത്രമേ മൊഴികള്‍ രേഖപെടുത്തത്താവൂ എന്നും ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അറസ്റ്റിനെ ചോദ്യംചെയ്ത 64-കാരനായ റാം ഇസ്രാനിയെന്ന മുതിര്‍ന്ന പൗരന്‍ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവര്‍ സമ്മതിച്ചാല്‍ പോലും രാത്രി ഉറക്കം നിഷേധിച്ചുകൊണ്ടുള്ള മൊഴി എടുക്കല്‍ അപലപനീയമാണെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും അത് ഇല്ലാതാക്കുന്നത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സമന്‍സ് പുറപ്പെടുവിക്കുമ്പോള്‍ മൊഴി രേഖപ്പെടുത്തേണ്ട സമയം സംബന്ധിച്ച് സര്‍ക്കുലര്‍ അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിര്‍ദ്ദേശിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. 2023 ഓഗസ്റ്റിലാണ് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഇസ്രാനിയെ അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്ന് ഇസ്രാനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

2023 ഓഗസ്റ്റ് 7ന് നല്‍കിയ സമന്‍സ് പ്രകാരം എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായിരുന്നു. പുലര്‍ച്ചെ മൂന്നര മണിവരെ ചോദ്യം ചെയ്യല്‍ നീണ്ടു. പിറ്റേന്ന് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഈ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിക്കണം എന്നായിരുന്നു റാം ഇസ്രാനിയുടെ വാദം. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചില്ല. ഉറക്കം നിഷേധിച്ചുകൊണ്ട് രാത്രി മുഴുവന്‍ ചോദ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് ബെഞ്ച് പറഞ്ഞു.

രാത്രിയില്‍ മൊഴി രേഖപ്പെടുത്താന്‍ ഇസ്രാനി സമ്മതം നല്‍കിയിരുന്നതായി അന്വേഷണ ഏജന്‍സിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സ്വമേധയാ ആണെങ്കിലും അല്ലെങ്കിലും പുലര്‍ച്ചെ 3.30 വരെ ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ രീതി അപലപനീയമാണെന്ന് കോടതി വ്യക്തമാക്കി.

Right to sleep can't be violated: Bombay High Court to Enforcement Directorate.

MORE IN INDIA
SHOW MORE