സംശയം; ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ

വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവിനെ അതിക്രൂരമായി ആക്രമിച്ച് ഭാര്യ. ഭാര്യയുടെ മാതാപിതാക്കളെ കാണാനെത്തിയപ്പോഴായിരുന്നു യുവാവിനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ഉപദ്രവിച്ചത്. ഉത്തര്‍പ്രദേശിലെ ഖോരഖ്പുരിനു സമീപമാണ് സംഭവം.

ഭാര്യയുടെ വീട്ടില്‍ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ‘ഭാര്യയുടെ മാതാപിതാക്കളെ കണ്ടുമടങ്ങവേ വണ്ടിയുടെ താക്കോലും മൊബൈല്‍ ഫോണുമടക്കം ഇവര്‍ മാറ്റിവച്ചു. ഇന്ന് തിരികെ പോകേണ്ടെന്ന് പറഞ്ഞു. എങ്കില്‍ ഒരുദിവസം ഇവിടെ താമസിച്ച് പിറ്റേദിവസം മടങ്ങാമെന്ന് കരുതി ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ മുഖത്ത് തിളച്ചവെള്ളം വീണാണ് എഴുന്നേറ്റത്. ഭാര്യയും ബന്ധുക്കളും അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു’– എന്നാണ് യുവാവ് പൊലീസില്‍ പറഞ്ഞത്.

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച ഭാര്യ അമൃത റായ് ആണ് ഭര്‍ത്താവായ ആശിഷ് കുമാര്‍ റായ്‍യെ ആക്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണി നേരത്ത് ശുചിമുറിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അമൃത എണീറ്റത്. അമൃതയുടെ സഹോദരി തിളച്ചവെള്ളം എടുത്തുവച്ചിരിക്കുകയായിരുന്നു അപ്പോള്‍. ഉറങ്ങിക്കിടന്നപ്പോളാണ് മുഖത്തേക്ക് തിളച്ചവെള്ളം ഒഴിച്ചത്. ഓടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യയുടെ വീട്ടിലുള്ളവര്‍ തന്നെ പിടിച്ചുവച്ച് മര്‍ദിച്ചു. ടെറസ്സില്‍ വച്ചും തന്നെ മര്‍ദിച്ചുവെന്ന് യുവാവ് പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Woman pours boiling water on husband while he is asleep.