നല്ല ദിവസം നോക്കി സ്ഥാനാര്‍ഥികള്‍; തമിഴ്നാട്ടില്‍ പത്രിക സമര്‍പ്പണത്തിന് തിരക്ക്

തമിഴ്നാട്ടില്‍ കൂട്ടത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ഥികള്‍. പൈങ്കുടി മാസത്തിലെ നല്ല ദിവസം എന്നതും, 27ന് പത്രികാ സമർപ്പണം അവസാനിക്കും എന്നിരിക്കെയാണ് ഇന്ന് നാമനിര്‍ദ്ദേശം നല്‍കാന്‍ സ്ഥാനാർത്ഥികൾ തിരക്കുകൂട്ടുന്നത്. നീല‍ഗിരിയില്‍ കേന്ദ്രമന്ത്രി എല്‍.മുരുഗന്‍റെ പത്രികാ സമര്‍പ്പണത്തിനിടെ പൊലീസ് ലാത്തിച്ചാര്‍ജും ഉണ്ടായി.  

കഴിഞ്ഞ 20 മുതൽ തമിഴ്നാട്ടിൽ പത്രിക സമർപ്പണം ആരംഭിച്ചിരുന്നുവെങ്കിലും മൂന്ന് മുന്നണികളും നാമനിർദേശം നൽകിയിരുന്നില്ല. എന്തിന് സ്ഥാനാർത്ഥി നിർണ്ണയം പോലും പൂർത്തിയായില്ല. ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് മുതൽ പത്രിക സമർപ്പണം ആരംഭിച്ചത്. പൈങ്കുനി ഉത്രമായ ഇന്ന് ശുഭദിനമായി കണക്കാക്കപ്പെടുന്നതിനാണ് പത്രിക സമർപ്പണത്തിന് തിരക്കേറിയത്. സൗത്ത് ചെന്നൈയിൽ ഡിഎംകെ സ്ഥാനാർഥി തമിഴിച്ചി തങ്കപാണ്ട്യൻ, ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദരരാജൻ തുടങ്ങിയവർ രാവിലെതന്നെ പത്രിക സമർപ്പിച്ചു. നോർത്ത് ചെന്നൈ മണ്ഡലത്തിൽ ആര് ആദ്യം പത്രിക സമർപ്പിക്കും എന്നതിൻറെ പേരിൽ ഡിഎംകെ , അണ്ണാ. ഡിഎംകെ വാക്കേറ്റം ഉണ്ടായി.

ഒടുവിൽ അണ്ണ'ഡിഎംകെ സ്ഥാനാർഥി രായപുരം മനോ ആദ്യവും , ഡിഎംകെ സ്ഥാനാർത്ഥി കലാനിധി വീര സ്വാമി രണ്ടാമതും പത്രിക നൽകി. തർക്കം മൂലം സമയം വൈകിയതിനാൽ ബിജെപി സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കാനായില്ല. കേന്ദ്രമന്ത്രി എൽ.മുരുകൻ, നൈനാർ നാഗേന്ദ്രൻ, രാധിക ശരത് കുമാർ തുടങ്ങിയ ബിജെപി നേതാക്കൾ മറ്റിടങ്ങളിൽ പത്രിക സമർപ്പിച്ചു. രാമനാഥപുരത്ത് ഒ.പനീർ ശെൽവം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ നാമനിർദേശം നൽകി. ജെല്ലിക്കെട്ട് സമരത്തിൽ പ്രധാന പങ്ക് വഹിച്ച തിരുച്ചിറപ്പള്ളിയിലെ നാം തമിഴ് കക്ഷി സ്ഥാനാർത്ഥി രാജശേഖർ കാളയുമായി എത്തിയാണ് നാമനിർദേശം നൽകിയത്. അതിനിടെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി തിരുച്ചിറപ്പള്ളിയിൽ പ്രചാരണം ആരംഭിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും, ഉദയനിധി സ്റ്റാലിനും സംസ്ഥാന പര്യടനം നടത്തുന്നുണ്ട്. ബിജെപിക്കായി അടുത്തമാസം വീണ്ടും പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയേക്കും.