വരുണ്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി

വരുണ്‍ ഗാന്ധിയെ ബിജെപി വെട്ടിയാല്‍ ടിക്കറ്റ് നല്‍കാനൊരുങ്ങി സമാജ്‍വാദി പാര്‍ട്ടി. രാഹുല്‍ ഗാന്ധി അമേഠയില്‍ മല്‍സരിക്കില്ലെങ്കില്‍ വരുണിനെ മല്‍സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച പശുപതി പാരസിനെ രാജ്യസഭാ സീറ്റ് നല്‍കി അനുനയിപ്പിക്കാനാണ് ബിജെപി ശ്രമം. ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിന് ബിജെപി ടിക്കറ്റ് നല്‍കിയേക്കില്ല. 

പിലിബിത്ത് എംപി വരുണ്‍ ഗാന്ധിക്കും അമ്മയും സുല്‍ത്താന്‍പുര്‍ എംപിയുമായ മേനക ഗാന്ധിക്കും ബിജെപി വീണ്ടും സീറ്റു നല്‍കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. ബിജെപിയുടെ ആദ്യ രണ്ട് പട്ടികയിലും ഇരുവരുടെയും പേരുണ്ടായിരുന്നില്ല. മണ്ഡലത്തില്‍ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ് വരുണ്‍. 

നരേന്ദ്ര മോദിക്കോ, ബിജെപിക്കോ അനുകൂലമായി വരുണ്‍ ഗാന്ധി അഭിപ്രായങ്ങള്‍ പറയാറില്ല. കര്‍ഷക സമരം അടക്കമുള്ള വിഷയങ്ങളില്‍ പ്രതികൂല സമീപനം സ്വീകരിച്ചിട്ടുണ്ട്. യോഗി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ, വിലയക്കറ്റം തുടങ്ങിയ വിഷയങ്ങളില്‍ കത്ത് എഴുതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ബിജെപിക്ക് അങ്ങിനെ തലവേദനയാണ് വരുണ്‍. മേനകയാകട്ടെ സജീവമായി ബിജെപിക്കൊപ്പം നില്‍ക്കുന്നുമില്ല. വരുണിന് ബിജെപി സീറ്റ് നിഷേധിച്ചാല്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം സമാജ്‍വാദി പാര്‍ട്ടി നേതാക്കളുമായി അഖിലേഷ് യാദവ് ചര്‍ച്ച ചെയ്തു. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക വരാന്‍ കാത്തിരിക്കുകയാണ് സമാജ്‍വാദി പാര്‍ട്ടി. 

ബിഹാറില്‍ ആര്‍എല്‍ജെപിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജിവച്ച പശുപതി പാരസിന് രാജ്യസഭാ സീറ്റ് നല്‍കാമെന്നാണ് ബിജെപി നിലപാട്. പാരസിന്‍റെ രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു. ബ്രിജ് ഭൂഷണിന് പകരം ഭാര്യയെ ബിജെപി മല്‍സരിപ്പിച്ചേക്കും. രാമായണം സീരിയലില്‍ ശ്രീരാമന്‍റെ വേഷം ചെയ്ത അരുണ്‍ ഗോവില്‍, കവിയും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ കുമാര്‍ വിശ്വാസ് എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥികളാകാനിടയുണ്ട്.

Varun Gandhi may contest in Loksabha Election 2024 as Samajwadi Party candidate.