ദേശീയ രാഷ്ട്രീയത്തിലെ 'ആയാ റാം ഗയാ റാം' സീസണ്‍

അച്ഛനും മകനും പോയതുപോലെ മടങ്ങി വന്നു.  അമ്മയും മകനും പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു.  ദേശീയ രാഷ്ട്രീയത്തില്‍ ഇത് ആയാ റാം ഗയാ റാം സീസണ്‍.  കമല്‍നാഥും, സോഷ്യല്‍ മീഡിയയില്‍ നിന്ന് 'കോണ്‍ഗ്രസ്' കള‍ഞ്ഞ മകനും രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്രയില്‍ പങ്കെടുക്കുന്നത് ചെറുപുഞ്ചിരിയോടെയാണ് ഇന്നലെ പാര്‍ട്ടി  നോക്കിക്കണ്ടത്. ബിജെപി മടക്കിവിട്ട കമല്‍നാഥും നകുല്‍നാഥും , പ്രതിഭസിങിനും വിക്രമാദിത്യയ്ക്കും പാഠമാവണമെന്ന് കോണ്‍ഗ്രസ് നേതൃത്വം അടക്കം പറയുന്നു.

നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് വികാരാധീനനായാണ് ഇന്ദിര ഗാന്ധിയുടെ മൂന്നാമത്തെ മകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് കഴിഞ്ഞദിവസം പറഞ്ഞത്. ബിജെപിയില്‍ പോകുമോയെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചില്ലല്ലോയെന്ന് മാധ്യമങ്ങളോടും പരിഭവം പറഞ്ഞു. 

അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി രാഹുല്‍ ഗാന്ധിക്കൊപ്പം ന്യായ് യാത്രയില്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് കോണ്‍ഗ്രസ് ഡിലീറ്റ് ചെയ്ത മകന്‍ നകുല്‍ കമല്‍നാഥ് ഇപ്പോള്‍ പറയുന്നത് ഞാനോ അച്ഛനോ കോണ്‍ഗ്രസ് വിടില്ല, വിടാന്‍ ആലോചിച്ചിട്ടില്ല എന്നാണ്.  അടുത്തത് ഹിമാചല്‍പ്രദേശില്‍ നിന്ന് പ്രതിഭസിങ്ങും മകനുമാണ് ഡല്‍ഹി യാത്രക്കൊരുങ്ങുന്നത്. വിക്രമാദിത്യയും സോഷ്യല്‍ മീഡിയയില്‍ നിന്ന് കോണ്‍ഗ്രസ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി എന്ന് ചേര്‍ക്കാനാവുമോ അതോ കമല്‍നാഥ് ഡല്‍ഹിക്ക് പോയതുപോലെ മടങ്ങുമോയെന്ന് കാത്തിരുന്ന് കാണണം.

'Aya Ram Gaya Ram' season in national politics