'നാരീ ശക്തി' വാക്കില്‍ പോര, തെളിയിച്ച് കാണിക്കൂ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

'നാരീ ശക്തി, നാരീ ശക്തി'യെന്ന് ഇടയ്ക്കിടെ ഉരുവിടാതെ പ്രാവര്‍ത്തികമാക്കി കാണിക്കൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. തീര സംരക്ഷണ സേനയില്‍ സ്ത്രീകളെ സ്ഥിരമായി നിയമിക്കാത്തതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സൈന്യത്തില്‍ തന്നെ നാവിക സേനയില്‍ വരെ സ്ത്രീകള്‍ക്ക് സ്ഥിര നിയമനം പ്രാവര്‍ത്തികമാക്കി കഴിഞ്ഞിട്ടും പിന്നെയെന്തിനാണ് തീരസേനയില്‍ വിവേചനമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ചോദിച്ചു. 

മറ്റെല്ലാ അതിര്‍ത്തികളും പരിപാലിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെങ്കില്‍ തീരവും പരിപാലിക്കാന്‍ കഴിയുമെന്നും പറയുന്ന വാക്കുകളിലെ ആത്മാര്‍ഥത കേന്ദ്രസര്‍ക്കാര്‍ തെളിയിക്കണമെന്നും പ്രിയങ്ക ത്യാഗിയുടെ കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. നേവി വരെ നടപ്പിലാക്കി കഴിഞ്ഞതിനാല്‍ വനിതകളുടെ സ്ഥിര നിയമനത്തെ എതിര്‍ക്കാര്‍ തീര സേനയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്ത്രീകളെ തീരസേനയില്‍ സ്ഥിരമായി നിയമിക്കാതിരിക്കാന്‍ മാത്രം പുരുഷ കേന്ദ്രീകൃതമാക്കുന്നതെന്തിനാണെന്നും അസ്വാഭാവികമായ നിലപാടാണിതെന്നും കോടതി വിമര്‍ശിച്ചു. നേവിയെക്കാളും സൈന്യത്തെക്കാളും വ്യത്യസ്തമായാണ് തീരസേന പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇതിന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജിയുടെ മറുപടി. 

2020 ലെ ബബിത പുനിയ വിധിന്യായത്തില്‍ വനിതകള്‍ക്ക് സൈന്യത്തില്‍ സ്ഥിര നിയമനം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശാരീരികമായ പരിമിതികളും സാമൂഹിക ചട്ടങ്ങളും സ്ഥിരനിയമനത്തിന് തടസമാണെന്ന സര്‍ക്കാര്‍ വാദം തള്ളിയായിരുന്നു കോടതി വിധി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്യ അവസരങ്ങളെന്ന ആശയത്തിനും ലിംഗനീതിക്കും എതിരാണ് സര്‍ക്കാര്‍ നിലപാടെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു. 

തീരസേനയിലെ ഡ്രോണിയര്‍ വിമാനങ്ങളുടെ വിഭാഗത്തിലായിരുന്നു പ്രിയങ്ക ത്യാഗി സേവനം അനുഷ്ഠിച്ചിരുന്നത്. ഡിസംബറിലാണ് സേവന കാലാവധി പൂര്‍ത്തിയായത്. സ്ഥിര നിയമനത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. 

'You speak of Nari Sakti, prove it here',supreme court asked union government, in coast guard permanent commission case