കൊയിലാണ്ടി തീരത്ത് ഇറാനിയന്‍ ബോട്ട് പിടികൂടി; ആറുപേര്‍ കസ്റ്റഡിയില്‍

ഇറാനിൽ നിന്ന് മത്സ്യബന്ധന ബോട്ടുമായി എത്തിയ 6 തമിഴ്നാട് സ്വദേശികൾ ഇന്ത്യന്‍ കോസ്റ്റ് ഗാർഡിന്‍റെ കസ്റ്റഡിയിൽ. കോഴിക്കോട് കൊയിലാണ്ടി തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ബോട്ടും, തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്. തൊഴിലുടമയുടെ പീഡനത്തെ തുടർന്നാണ് ഇവര്‍ ബോട്ടെടുത്ത് പുറപ്പെട്ടത്. 

ഏപ്രിൽ 24നാണ് ഇറാനിലെ കിഷ് തുറമുഖത്ത് നിന്നും തമിഴ്നാട് സ്വദേശികള്‍ ബോട്ടുമായി പുറപ്പെട്ടത്. യാത്രയ്ക്കിടെ ഇന്ധനം തീർന്നതോടെ ശനിയാഴ്ച്ച വൈകിട്ട് 4ന് കൊയിലാണ്ടി തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ ബോട്ട് കുടുങ്ങി. മുൻപോട്ട് നീങ്ങാനാകാതെ ബോട്ട് കടലിൽ ഒഴുകി നടക്കുകയായിരുന്നു. രാമനാഥപുരം സ്വദേശികളായ നിത്യ തയാലൻ, മുനീശ്വരൻ, കവിസ് കുമാർ, കെ.അരുൺ തയാലൻ, രാജേന്ദ്രൻ, കന്യാകുമാരി സ്വദേശി മരിയ ഡെനിൽ എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൊബൈൽ ഫോണിൽ റേഞ്ച് കിട്ടിത്തുടങ്ങിയതോടെ തൊഴിലാളികള്‍ തമിഴ്നാട് ഫിഷർമെൻ അസോസിയേഷൻ ഭാരവാഹികളെ ബന്ധപ്പെട്ടു. ഇവര്‍ തമിഴ്നാട് സർക്കാർ, കോസ്റ്റ് ഗാർഡ്, ഫിഷറീസ് എന്നിവിടങ്ങളില്‍ വിവരം എത്തിച്ചു. തുടര്‍ന്ന് കോസ്റ്റ്ഗാർഡ് നടത്തിയ തിരച്ചിലിലാണ് ബോട്ടും, തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ എടുത്തവരെ പിന്നീട് കൊച്ചിയില്‍ എത്തിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇറാനിൽ മത്സ്യബന്ധന ബോട്ടിൽ ഇവര്‍ ജോലിയാരംഭിച്ചത്. ഇത്രയും നാള്‍ ജോലി ചെയ്തിട്ടും ഇവർക്ക് ശമ്പളമോ, മീൻ പിടിക്കുന്നതിന് കരാർ പ്രകാരമുള്ള വിഹിതമോ ഉടമ നൽകിയില്ല. മാത്രമല്ല തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിശ്രമവും നിഷേധിക്കപ്പെട്ടു. അവധിയും നല്‍കിയില്ല. ശമ്പളം ചോദിക്കുമ്പോൾ മർദനം തുടങ്ങിയതോടെയാണ് തൊഴിലാളികൾ പ്രാണരക്ഷാർഥം ബോട്ടുമായി നാട്ടിലേക്ക് പുറപ്പെട്ടത്.

Iranian boat seized off Koyilandi coast; Six people are in custody