'ഭര്‍ത്താവ് ചെയ്താലും ബലാല്‍സംഗം ബലാല്‍സംഗം തന്നെ'; ഹൈക്കോടതി

ഗുജറാത്ത് ഹൈക്കോടതി (വലത്) ചിത്രം, വിക്കിപീഡിയ

വിവാഹ ജീവിതത്തിനിടയിലുണ്ടാകുന്ന ലൈംഗികപീഡനം ഗൗരവതരമാണെന്നും ഭര്‍ത്താവാണെന്ന് കരുതി ബലാല്‍സംഗം ബലാല്‍സംഗമല്ലാതെയാകുന്നില്ലെന്നും ഗുജറാത്ത് ഹൈക്കോടതി. മാരിറ്റല്‍ റേപ് (വിവാഹ ബന്ധത്തിലെ ബലമായ ലൈംഗിക വേഴ്ച) ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375–ാം വകുപ്പില്‍ മാരിറ്റല്‍ റേപ്പിന് നല്‍കുന്ന ഇളവിനോട് വിയോജിച്ച കോടതി, 50 അമേരിക്കന്‍ സംസ്ഥാനങ്ങളിലും, മൂന്ന് ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളിലും നിരവധി രാജ്യങ്ങളിലും മാരിറ്റല്‍ റേപ്  നിയമ വിരുദ്ധവും ഗുരുതരവുമായാണ് കണക്കാക്കുന്നതെന്നും  വ്യക്തമാക്കി. ഐപിസി 375 അനുസരിച്ച് സമ്മതമില്ലാതെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെയാണ് ബലാല്‍സംഗമെന്നത് കൊണ്ട് വിവക്ഷിക്കുന്നത്. എന്നിരുന്നാലും ഭര്‍ത്താവിന് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും നിയമം വ്യക്തമാക്കുന്നു. 

കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അന്യാഥീനപ്പെട്ട് പോകാതിരിക്കുന്നതിനായി സ്വകാര്യനിമിഷങ്ങള്‍ ഭര്‍ത്താവ് അശ്ലീല സൈറ്റുകളില്‍ അപ്​ലോഡ് ചെയ്യുന്നുവെന്നും ഇങ്ങനെ ചെയ്യുന്നതിനായി ഭര്‍തൃമാതാവും,പിതാവും നിരന്തര സമ്മര്‍ദം ചെലുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഹര്‍ജി നല്‍കിയത്. തന്‍റെ നഗ്ന ചിത്രങ്ങളും വിഡിയോയും വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കാനും ഇവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നുവെന്നും യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്നു. തന്‍റെ മുറിയില്‍ ഭര്‍തൃപിതാവ് സിസിടിവി സ്ഥാപിക്കുകയും ഭര്‍ത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ അവരുടെ മുറിയിലിരുന്ന് കണ്ടുവെന്നും  യുവതി പറയുന്നു. 

കേസ് വിശദമായി പരിശോധിച്ച കോടതി,സ്ത്രീയായിരുന്നിട്ട് കൂടി ഭര്‍തൃ മാതാവ് മകനെ ഇത്തരം ഹീനമായ കാര്യങ്ങളില്‍ നിന്ന് വിലക്കിയില്ലെന്നും സ്ത്രീയുടെ അന്തസ് സംരക്ഷിക്കാന്‍ ചെറുവിരലനക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമൊപ്പം കുറ്റകൃത്യത്തില്‍ ഭര്‍തൃമാതാവിനും പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി. 

അന്തസോടെയും, സ്വകാര്യത സംരക്ഷിക്കപ്പെട്ടും, സ്വന്തം ശരീരത്തിന് മേലുള്ള ലൈംഗിക അധികാരത്തോടെയും, പ്രത്യുല്‍പാദന അധികാരത്തോടെയും, സര്‍വോപരി സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ലഭിക്കേണ്ടതുണ്ടെന്നും അത് മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ലിംഗവിവേചനം മിണ്ടാതെ സഹിക്കുന്ന സംസ്കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നും സ്ത്രീകള്‍ക്കെതിരായ അക്രമം ചെറുക്കുന്നതില്‍ പുരുഷന്‍മാര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതും ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതും ലൈംഗിക അക്രമത്തിന്‍റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി. ഒരു അക്രമത്തെയും നിസാരമായി കാണുകയോ ചില സിനിമകളിലേത് പോലെ കാല്‍പനികവല്‍ക്കരിക്കുകയോ വേണ്ടെന്നും കോടതി പറഞ്ഞു.  'ആണുങ്ങള്‍ ആണുങ്ങളാണെന്ന' തരത്തിലെ പെരുമാറ്റങ്ങളും അത്തരത്തിലുള്ള സാധാരണവല്‍ക്കരണവും സ്ത്രീകളെ കൂടുതല്‍ ദുരിതത്തിലാക്കുന്നുണ്ടെന്നും ഇത് മാറണമെന്നും കോടതി വ്യക്തമാക്കി. 

പങ്കാളിയുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികവേഴ്ചയാണ് മാരിറ്റൽ റേപ്പ്. മറ്റ് ശാരീരീക അതിക്രമങ്ങൾ ഉണ്ടായില്ലെങ്കിൽ കൂടി പങ്കാളിയുടെ സമ്മതമില്ലായിരുന്നു എന്നതാണ് ഈ കുറ്റത്തെ പ്രാഥമികമായി നിർവചിക്കുന്നത്. ലൈംഗിക പീഡനം നടത്തുന്നത് ഭർത്താവാണെങ്കിലും അത് ബലാല്‍സംഗം തന്നെയാണെന്ന് കര്‍ണാടക ഹൈക്കോടതിയും മുന്‍പ് നിരീക്ഷിച്ചിരുന്നു.

Rape is rape even if committed by a husband against wife