കൂട്ടുകാരന്റെ ഭാര്യയെ കൊലപ്പെടുത്തി; 19 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ചിത്രം: India Today

കൂട്ടുകാരന്റെ ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ 19 വര്‍ഷത്തിന് ശേഷം പിടികൂടി ഡല്‍ഹി പൊലീസ്. 2004 ല്‍ ഡല്‍ഹിയിലെ പശ്ചിം വിഹാറിലാണ് സംഭവമുണ്ടായത്. ഹരിയാനയിലെ പഞ്ച്കുള സ്വദേശി നരേന്ദ്ര(64)യാണ് അറസ്റ്റിലായത്. ആകാശവാണി ജീവനക്കാരനായിരുന്ന ഗുല്‍ധന്റെ  രണ്ടാം ഭാര്യയെയാണ് നരേന്ദ്ര കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മൃതദേഹത്തിന്റെ നെഞ്ചിലും മുട്ടുകളിലും മാന്തിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ഗുല്‍ധന്റെ ഭാര്യ പര്‍വീനില്‍ ആകൃഷ്ടനായ നരേന്ദ്ര, അവരെ സ്വന്തമാക്കുന്നതിനായി ശ്രമിച്ചുവെന്നും പര്‍വീന്‍ വഴങ്ങാതിരുന്നത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ഗുല്‍ധന്‍ വീട്ടിലില്ലാത്ത സമയം മനസിലാക്കി നരേന്ദ്ര വീട്ടിലെത്തിയെന്നും പരിചയക്കാരനായതിനാല്‍ വീട്ടിലെ സഹായിയായ ബാലന്‍ ഫ്ലാറ്റിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നരേന്ദ്രയെ വീട്ടിലിരുത്തി വീട്ടിലെ സഹായി ചന്തയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോയി. തിരികെ എത്തിയപ്പോള്‍ നരേന്ദ്ര ഫ്ലാറ്റില്‍ നിന്നിറങ്ങി പോകുന്നതാണ് കണ്ടത്. അസ്വാഭാവികത തോന്നി ഫ്ലാറ്റിനുള്ളിലേക്ക് ഓടിയെത്തിയപ്പോള്‍ പര്‍വീനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരണം സ്ഥിരീകരിക്കുകയായിരുന്നു. 

പര്‍വീനോട് നരേന്ദ്ര അപമര്യാദയായി പെരുമാറിയെന്നും എതിര്‍ത്തതോടെ ഷാള്‍ കരുത്തില്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം കുടുംബത്തോടെ നരേന്ദ്ര കശ്മീരിലേക്ക് കടക്കുകയായിരുന്നു.  അവിടെ നിന്ന് ലുധിയാനയിലേക്കും താമസം മാറി. നരേന്ദ്ര ഒളിച്ച് താമസിക്കുകയാണെന്ന് മനസിലാക്കിയ നാട്ടുകാരാണ് പൊലീസിന് വിവരം കൈമാറിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. 

Delhi police arrests man 19 years after he murdered friend’s wife in 2004