ദുരഭിമാനക്കൊലയിൽ വിധിക്കു മുൻപ് സ്ഥലങ്ങളിൽ നേരിട്ടെത്തി ജഡ്ജിമാർ; അപൂർവം

ദുരഭിമാനക്കൊലക്കേസില്‍ വിധി പറയുന്നതിനു മുന്‍പ് കൊലപാതകവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നേരിട്ടു പരിശോധിച്ച് മദ്രാസ് ഹൈക്കോടതിയുടെ അപൂര്‍വ നടപടി. തമിഴ്നാടിന്റെ പിടിച്ചുകുലുക്കിയ ഗോകുല്‍രാജ് വധക്കേസിലെ പ്രതികളുടെ അപ്പീലില്‍ വിധി പറയുന്നതിനായാണു നാമക്കലിലെ തിരുച്ചങ്കോട് അര്‍ധനാരീശ്വരക്ഷേത്രവും സമീപത്തെ റയില്‍വേ ട്രാക്കിലും ജഡ്ജിമാര്‍ നേരിട്ടു പരിശോധിച്ചത്. 

തമിഴ്നാടിന്റെ ഉള്‍നാടുകള്‍ ദുരഭിമാനക്കൊലകളില്‍ വിറങ്ങലിച്ചുനില്‍ക്കുന്നത് പുറംലോകത്തെ അറിയിച്ച കൊലപാതകമാണു നാമക്കലിലെ ഗോകുല്‍ രാജിന്റേത്. ദളിതനായ ഗോകുല്‍രാജും ഗൗണ്ടര്‍ സമുദായത്തില്‍പെട്ട സ്വാതിയും പ്രണയത്തിലായിരുന്നു. 2015 ജൂണ്‍ 25ന് ഇരുവരും തിരുച്ചങ്കോട് അര്‍ധനാരീശ്വര ക്ഷേത്രത്തിലെത്തി. ഇക്കാര്യമറിഞ്ഞ ഗൗണ്ടര്‍ സമുദായ സംഘടനാ നേതാവ് യുവരാജും സംഘവും ക്ഷേത്രത്തില്‍ കയറി ഗോകുല്‍രാജിനെ തട്ടിക്കൊണ്ടുപോയി. അടുത്തദിവസം  ശിരസ് വെട്ടിമാറ്റിയ ഗോകുല്‍രാജിന്റെ ഉടല്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ യുവരാജ് അടക്കം 10 പ്രതികളെയും ജീവപര്യന്തം തടവിനു കഴിഞ്ഞ മാര്‍ച്ചില്‍ നാമക്കല്‍ കോടതി ശിക്ഷിച്ചു. കോടതി വിധിക്കെതിരെ യുവരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തട്ടിക്കൊണ്ടുപോകല്‍ ക്ഷേത്രകവാടത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്നായിരുന്നു യുവരാജിന്റെ വാദം. തുടര്‍ന്നാണ്  ജസ്റ്റിസുമാരായ എം.എസ്. രമേശ്, ആനന്ദ് വെങ്കിടേശ് എന്നിവര്‍ ക്ഷേത്രത്തിലെത്തി സിസിടിവി ക്യാമറകളുെട സ്ഥാനം പരിശോധിച്ചത്. മൃതദേഹം കിടന്നിരുന്ന റെയില്‍വേ ട്രാക്കിലും ജഡ്ജിമാര്‍ തെളിവെടുപ്പ് നടത്തി. കേസിലെ ഏകസാക്ഷിയായിരുന്ന ഗോകുല്‍രാജിന്റെ കാമുകി സ്വാതി ഹൈക്കോടതിയിലെ വാദത്തിനിടെ കൂറുമാറി പ്രതികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തിരുന്നു.

Madras Highcourt special action on Gokulraj murder case