തമിഴ്​നാട്ടില്‍ കത്തിരി വെയില്‍ പ്രതിഭാസം; ചൂട് 45 ഡിഗ്രി സെല്‍സ്യസിന് മുകളില്‍

തമിഴ്നാട്ടില്‍ എല്ലാ വര്‍ഷവുമുള്ള കത്തിരി വെയില്‍ പ്രതിഭാസം ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. 45 ഡിഗ്രി സെല്‍സ്യസിന് മുകളില്‍ ചൂടായിരിക്കും വരുന്ന 24 ദിവസത്തോളം സംസ്ഥാനം അഭിമുഖീകരിക്കുക. കൊടും ചൂടിനെ നേരിടാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട്ടിലെ സാധാരക്കാരും സര്‍ക്കാരും. സംസ്ഥാനത്തെ വറചട്ടിയിലാക്കുന്ന ഈ സ്ഥിരം പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം.

 തമിഴ്നാട്ടിൽ മെയ് മാസത്തിൽ അന്തരീക്ഷത്തിലെ ഈർപ്പം വളരെ കുറവായിരിക്കും. ഒപ്പം പൊടിപടലങ്ങൾ ഇല്ലാത്ത തെളിഞ്ഞ അന്തരീക്ഷമായതിനാൽ സൂര്യരശ്മികൾ കൂടുതലായി ഭൂമിയിലേക്ക് എത്തും. അതോടെ തമിഴ്നാട് ചുട്ടു പഴുക്കും. ഇതിന് പുറമെയാണ് കാറ്റിൻറെ ദിശാ മാറ്റവും. വടക്ക് കിഴക്കുനിന്ന് തെക്ക് പടിഞ്ഞാറു ഭാഗത്തേക്ക് കാറ്റിൻറെ ഗതി മാറും. പകൽ സമയത്ത് കരക്കാറ്റാണ് തമിഴ്നാട്ടിൽ വീശുക. 42 ഡിഗ്രി ചൂടുള്ള സമതല പ്രദേശങ്ങളിൽ നിന്ന് വീശുന്ന കാറ്റ്  തമിഴ്നാടിനെ മുഴുവന്‍ ചൂടു പിടിപ്പിക്കും.

എന്നാൽ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4 ഡിഗ്രി അതിക ചൂടാണ് ഈത്തവണ ഏപ്രിൽ മാസം തന്നെ അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം വെല്ലൂരിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 44 ഡിഗ്രി രേഖപ്പെടുത്തി. കത്തിരി തുടങ്ങാനിരിക്കെ സംസ്ഥാനത്ത് ആദ്യമായി ചൂട് മൂലം ഏഴു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ഒരു മാധ്യമപ്രവർത്തകൻ അടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേർ പേർ സൂര്യാഘാതം മൂലം മരിച്ചു.

സ്കൂളുകൾക്കും കോളജുകൾക്കും അവധിയാണെങ്കിലും സ്പെഷ്യൽ ക്ലാസുകൾ പാടില്ലെന്ന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്. പൊതുയിടങ്ങളിൽ സൗജന്യ കുടിവെള്ളവും വിശ്രമ കേന്ദ്രങ്ങളും ഒരുക്കി. റോഡ് സിഗ്നലുകളിൽ ഇരുചക്രവാഹനക്കാർക്ക് തണലിനായി ഗ്രീൻ മാറ്റും സ്ഥാപിച്ചു. 

അഗ്നി നക്ഷത്രം എന്നൊരു പേരുമുണ്ട് കത്തിരിക്ക്. മുരുകനുമായി ചേർത്തുനിർത്തിയാണ് അഗ്നി നക്ഷത്ര ആഘോഷങ്ങൾ. മുരുകന് ജന്മം നൽകാനായി ഭഗവാൻ ശിവൻ തൃക്കണ്ണ് തുറന്നതിന്റെ ചൂടാണ് കത്തിരി എന്നാണ് ഐതിഹ്യം. പളനി, തിരുട്ടാണി, സ്വാമിമല അടക്കമുള്ള മുരുക ക്ഷേത്രങ്ങളിൽ മെയ് 28 വരെ അഗ്നി നക്ഷത്ര ആഘോഷങ്ങൾ നടക്കും. 

Kathiri Veil Phenomenon in Tamil Nadu