‘ഹിന്ദിയില്‍ മതി; പരിഭാഷ വേണ്ട’; പ്രസംഗം തടഞ്ഞ് യുവാവ്; രാഹുലിന്റെ മറുപടി

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി യുവാവിന്റെ ഇടപെടല്‍. രാഹുല്‍ ഹിന്ദിയില്‍ സംസാരിച്ചാല്‍ മതിയെന്നും ഗുജറാത്തി ഭാഷയിലുള്ള പരിഭാഷ വേണ്ടെന്നും അത് തങ്ങള്‍ക്ക് മനസിലാകുമെന്നും പറഞ്ഞായിരുന്നു യുവാവ് പ്രസംഗത്തിനിടെ ഇടപെട്ടത്. 

ഇതു കേട്ടതോടെ സംസാരം നിര്‍ത്തി രാഹുല്‍ താന്‍ ഹിന്ദിയില്‍ സംസാരിച്ചാല്‍ മനസിലാകുമോ എന്ന് തിരിച്ചു ചോദിച്ചു. അതെ എന്ന അര്‍ഥത്തില്‍ സദസ് ആരവങ്ങള്‍ മുഴക്കി. തുടര്‍ന്ന് രാഹുല്‍ ഹിന്ദിയില്‍ സംസാരം തുടര്‍ന്നു. വിവര്‍ത്തകന്‍ അതോടെ വേദി വിട്ടു. വിഡിയോ കാണാം: 

സൂറത്ത് ജില്ലയിലെ 'മഹുവ' ആദിവാസി ഗോത്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗു‍ജറാത്തില്‍ ആദ്യമായാണ് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്നത്. ആദിവാസികളാണ് രാജ്യത്തിന്‍റെ ആദ്യ ഉടമകളെന്നും ബിജെപി ആദിവാസികളുടെ അവകാശങ്ങള്‍ എടുത്തു കളയാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘അവര്‍ നിങ്ങളെ വനവാസി എന്നു വിളിക്കുന്നു. പക്ഷെ രാജ്യത്തിന്‍റെ ആദ്യ ഉടമകള്‍ നിങ്ങളാണെന്ന് അവര്‍ അംഗീകരിക്കുന്നില്ല. നിങ്ങളിപ്പോഴും കാടുകളിലാണ് ജീവിക്കുന്നത്. ആ വ്യത്യാസം നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ? നിങ്ങള്‍ നഗരത്തില്‍ ജീവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ മക്കള്‍ എഞ്ചിനീയറോ ഡോക്ടറോ പൈലറ്റോ ആവണമെന്നോ ഇംഗ്ലീഷ് സംസാരിക്കണമെന്നോ അവര്‍ ആഗ്രഹിക്കുന്നില്ല.’– രാഹുല്‍ പറഞ്ഞു.

അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത പ്രചരണമാണ് ഗുജറാത്തില്‍ നടക്കുന്നത്. വിവിധ പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്തുടനീളം പ്രചരണം ശക്തമാക്കിക്കഴിഞ്ഞു.  തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.