ഒന്നു കൈ ഉയർത്തിയാൽ തലകുനിക്കും ബോംബെ; ബാൽ താക്കറെയുടെ ഓർമകൾക്ക് 10 വർഷം

അന്ന് ചരിത്രത്തിലാദ്യമായി പ്രാദേശികവാദത്തിൽ   ബോംബെ മഹാനഗരത്തിനു മദം പൊട്ടി.   ‘സൗത്തിന്ത്യന്‍’ എന്നത്  മറാഠികൾക്ക് വെറുക്കപ്പെട്ട വാക്കായി. ഇന്ത്യയുടെ കടൽക്കവാടത്തിൽ പരമ്പരാഗത സാഹോദര്യം  തരിപ്പണമായി. നഗരമധ്യത്തിലൂടെ ചോരപ്പുഴയൊഴുകി. അന്നു വരെ കേട്ടു പരിചയമില്ലാത്തൊരു പേരും ഇടിമുഴക്കം പോലെ ഒപ്പമൊഴുകി. ബാല്‍താക്കറെ....

മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന് ഗർജിച്ചുകൊണ്ടായിരുന്നു, പത്രത്തിന്റെ കാര്‍ട്ടൂണ്‍ താളുകളില്‍ നിന്നും ബാല്‍താക്കറെ എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്നു വന്നത്. കടുവാത്തലയുള്ള പതാകയുമായി ശിവസേന ഉദിച്ചുയർന്നപ്പോൾ അന്നു ഭാരത ദേശീയത അമ്പരന്നു.  പത്രമോഫീസിൽ എട്ടുപത്തുകൊല്ലമായി കൂടെ ജോലി ചെയ്തവര്‍ക്കു പോലും മനസ്സിലായില്ല താക്കറെയിലെ തീപ്പൊരിയുടെ തീവ്രത. വിഖ്യാത പത്രപ്രവർത്തകൻ ടിജെഎസ് ജോര്‍ജിന്റെ ‘ഘോഷയാത്ര’ എന്ന പുസ്തകത്തില്‍ വ്യക്തമാണ് ആ ചിത്രം. കറുത്ത ഫ്രയിമുള്ള വലിയ കണ്ണട വച്ച ചെറിയ മനുഷ്യന്‍. ഫ്രീ പ്രസ് ജേര്‍ണലിന്റെ ഒരു മൂലയില്‍ കുത്തിയിരുന്ന് കാര്‍ട്ടൂണ്‍ വരയ്ക്കും. പ്രസിദ്ധീകരിച്ചാലെന്ത് ഇല്ലേലെന്ത്...ഇതായിരുന്നു ലൈന്‍... നല്ല മൂഡിലാണെങ്കില്‍ ചില അശ്ലീലപടങ്ങളൊക്കെ വരച്ച് ഏറ്റവും അടുത്ത രണ്ടോ മൂന്നോ പേരെ കാണിക്കും. ആ മനുഷ്യനാണ് ബോംബെയുടെ ചങ്കും കരളും കീറിയ കടുവയായി വളര്‍ന്നത്, അതും കണ്ണടച്ചു തുറക്കും  വേഗത്തില്‍.  മഹാരാഷ്ട്രവാദിയായ അച്ഛന്‍ കെഎസ് താക്കറെ തന്നെയാണ് മകനെ സ്വാധീനിച്ചത്. പ്രാദേശികവാദം പ്രധാനമായും മുംബൈയിലെ ഗുജറാത്തികളെയും ദക്ഷിണേന്ത്യക്കാരെയും ലക്ഷ്യമിട്ടു. മലയാളികളും തമിഴരും ആക്രമിക്കപ്പെട്ടു. ഈ വാദമുയര്‍ത്തി അറുപതുകളിലാണ് ബാൽ താക്കറെ രംഗത്തെത്തുന്നത്.

ന്യൂസ് ഡസ്കിലെ  ദക്ഷിണേന്ത്യൻ എഡിറ്റർമാരിൽ നിന്ന് ബാൽ താക്കറേയ്ക്ക് കേൾക്കേണ്ടി വന്ന ചീത്ത വിളികളും അതിന് കാരണമായിരിക്കാമെന്നാണ് ടി.ജെ.എസ്.ജോർജിൻ്റെ വിലയിരുത്തൽ. 1966ല്‍ രൂപീകരിച്ച ശിവസേനയുടെ തുടക്കം മുതലുള്ള രാഷ്ട്രീയ അജന്‍‍ഡ കൃത്യമായിരുന്നു. ആദ്യഘട്ടത്തില്‍ അധികാരവും പദവികളും വെട്ടിപ്പിടിക്കാന്‍ ഉതകുന്ന വാദമായിരുന്നെങ്കിലും പിന്നീട് കഥമാറി. കടുത്ത പ്രാദേശികവാദം പിന്നാലെ ഹിന്ദുത്വം , മുസ്ലിംവിരുദ്ധത എന്ന ക്രമത്തില്‍ ആ പോരാട്ടം വ്യാപിച്ചു. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും കലാപവും കൊള്ളിവയ്പും വരെ നടത്തിയും ശിവസേന അന്നാട്ടിൽ വിരാജിച്ചു. ഏതാണ്ടെല്ലാ ക്രിമിനൽകുറ്റങ്ങളുടെയും ചാര്‍ജ് ഷീറ്റിൽ  താക്കറെയും കൂട്ടരും സ്ഥാനം പിടിച്ചു.  എല്ലാം കടുത്ത ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യങ്ങള്‍ . എന്നിട്ടും, സര്‍ക്കാരോ നിയമമോ താക്കറെയ്ക്കു നേരെ വന്നില്ല. വിവാദ പ്രസ്താവനകളൊക്കെ വിവാദമായി തന്നെ വായുവിലമർന്നു. വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഒരിക്കല്‍ മാത്രം ബാൽ താക്കറെ അറസ്റ്റിലായി. അതും ഒരു മണിക്കൂര്‍. താക്കറെയ്ക്കെതിരെ ഒട്ടേറെപ്പേര്‍ പിന്നീടും കേസ് ഫയല്‍ ചെയ്തെങ്കിലും പുലിമടയില്‍ കയറി നിയമം പറയാൻ ജീവനിൽ കൊതിയുള്ള ആരും മുതിർന്നില്ല.