മനീഷ് സിസോദിയയെ പ്രശംസിച്ച് ന്യൂയോർക് ടൈംസിൽ വാർത്ത; പിന്നാലെ റെയ്ഡ്

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രശംസിച്ചുള്ള വാർത്ത യുഎസിലെ പ്രമുഖ പത്രമായ ‘ദ് ന്യൂയോർക് ടൈംസിൽ’  വന്നതിനു തൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ വസതിയിൽ സിബിഐ റെയ്ഡ്.  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വാർത്തയുടെ ചിത്രമുൾപ്പെട ട്വീറ്റ് ചെയ്തു. 

‘‘യുഎസിലെ പ്രമുഖ പത്രമായ ദ് ന്യൂയോർക് ടൈംസ്, ഡൽഹിയുടെ വിദ്യാഭ്യാസ മാതൃകയെ അഭിനന്ദിക്കുകയും മനീഷ് സിസോദിയയുടെ ചിത്രം പത്രത്തിന്റെ ഒന്നാം പേജിൽ നൽകുകയും ചെയ്ത ദിവസം, കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ വസതിയിലേക്കു സിബിഐയെ അയച്ചു. സിബിഐയെ സ്വാഗതം ചെയ്യുന്നു. പൂർണമായി സഹകരിക്കും. നേരത്തേയും റെയ്ഡും അന്വേഷണവും ഉണ്ടായിരുന്നു. എന്നാൽ ഒന്നും പുറത്തുവന്നില്ല. ഇപ്പോഴും ഒന്നും പുറത്തുവരില്ല’’എന്ന് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

മനീഷ് സിസോദിയയെ പിന്തുണച്ച് ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയും രംഗത്തെത്തി. സിസോദിയയെ ‘വിദ്യാഭ്യാസ വിപ്ലവത്തിന്റെ നായകൻ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, റെയ്ഡ് നടത്തുന്നത് ബിജെപിയുടെ നിർദേശപ്രകാരമാണെന്നും ആരോപിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നിരവധി റെയ്ഡുകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല, ഇത്തവണയും അവർ ഒന്നും കണ്ടെത്തില്ലെന്നും അദ്ദേഹം പറഞ്ഞു.