ഭിന്നശേഷിക്കാരനെ കൊണ്ട് കാൽ നക്കിച്ച് യുവാക്കൾ; 'പഴയതെന്ന്' പൊലീസ്; പ്രതിഷേധം

വിഡിയോഗ്രാബ്; എൻഡിടിവി

ഭിന്നശേഷിക്കാരനെ രണ്ട് പേർ ചേർന്ന് മനുഷ്യത്വരഹിതമായി ഉപദ്രവിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. കഴിഞ്ഞ വർഷം ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഡീ അഡിക്ഷൻ സെന്ററിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് പുറത്ത് വന്നത്. ഭിന്നശേഷിക്കാരനെ ഭീഷണിപ്പെടുത്തിയും വടി കൊണ്ട് അടിച്ചും കാൽ നക്കിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിഡിയോയിൽ കാണുന്നവരെ അറസ്റ്റ് ചെയ്തെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നുമാണ് പൊലീസ് പറയുന്നത്. കൂടുതൽ നടപടികൾ വൈകാതെ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 

ഭിന്നശേഷിക്കാരനായ ആൾ തറയിലിരുന്ന് കരയുന്നതാണ് എൻഡിടിവി പുറത്ത് വിട്ട വിഡിയോയിൽ ആദ്യം കാണുന്നത്.  യുവാക്കളിലൊരാളുടെ കാലിൽ പിടിച്ചിരിക്കുന്ന ഭിന്നശേഷിക്കാരനെ ഒപ്പമുണ്ടായിരുന്ന ആൾ മുടിയിൽ പിടിച്ച് വലിക്കുകയും വടിയോങ്ങി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ഭീഷണിക്ക് വഴങ്ങി യുവാവിന്റെ കാൽ ഇയാൾ നക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരനൊപ്പമുണ്ടായിരുന്ന അന്തേവാസികൾ ഭയചകിതരായി ഭിത്തിയോട് ചേർന്ന് മാറി നിൽക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ മയൂർഭഞ്ച് എസ്പി ഇത് കഴിഞ്ഞ വർഷം നടന്ന സംഭവമാണെന്നും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്വീറ്റ് ചെയ്തു. ഇവരെ ഇപ്പോൾ അറസ്റ്റ് ചെയ്തുവെന്നും വൈകാതെ കോടതിയിൽ ഹാജരാക്കുമെന്നും ട്വീറ്റിൽ പറയുന്നു. 

എന്നാൽ കഴിഞ്ഞ ജൂലൈയിൽ നടന്ന സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഈ വർഷം വിഡിയോ പുറത്ത് വരേണ്ടി വന്നുവെന്ന് മനുഷ്യാവകാശപ്രവർത്തകർ ഉൾപ്പടെ വിമർശിക്കുന്നു. പരിഷ്കൃതമായ സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണെന്നും അത്യന്തം ഹീനമായ ഇത്തരം കുറ്റം ചെയ്യുന്നവരെ പ്രതിഷേധം ഉയർന്ന ശേഷം മാത്രം പിടികൂടാൻ തിരയുന്നത് കടുത്ത നീതിനിഷേധമാണെന്നും ട്വിറ്ററിൽ അഭിപ്രായമുയർന്നു.