‘2024ല്‍ നരേന്ദ്രമോദി ‌പ്രധാനമന്ത്രി സ്ഥാനത്തുണ്ടാവില്ല’; നിതീഷിന്റെ ആദ്യ പ്രഖ്യാപനം

2024 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിശാലസഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു നിതീഷിന്‍റെ പ്രഖ്യാപനം. ഉപമുഖ്യമന്ത്രിയായി  ആര്‍ജെഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മന്ത്രിസഭയില്‍ ഇടം പിടിക്കും.

ഇന്നലെ ബിജെപി സഖ്യം ഉപേക്ഷിച്ച് രാജിവച്ച നിതീഷ് കുമാര്‍ ഇന്ന്  വിശാലസഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ പറഞ്ഞത് 2024 ലെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. 2024ല്‍ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവില്ല. വിശാലസഖ്യത്തിന്‍റെ ഭാഗമെങ്കിലും താന്‍ ഒരു സ്ഥാനത്തിനും അവകാശവാദമുന്നയിക്കില്ലെന്നും നിതീഷ് പറഞ്ഞു.  ജെഡിയുവിന്‍റെ ഐകകണ്ഠേനയുള്ള തീരുമാനമാണ് താന്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കല്‍ ബദ്ധശത്രുവായിരുന്ന നിതീഷ് കുമാറിന്‍റെ കാല്‍തൊട്ടു വന്ദിച്ചാണ് ലാലു കുടുംബത്തിലെ ഇളമുറക്കാരന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി 

 മുന്‍ മുഖ്യമന്ത്രി റാബറി ദേവിയടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 16 ഉം ജെഡിയുവിന് 13 ഉം കോണ്‍ഗ്രസിന് 4 ഉം മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. അഞ്ചുതവണ മുഖ്യമന്ത്രി സ്ഥാനം  നല്‍കിയ ബിെജപിയെ നിതീഷ് കുമാര്‍ വഞ്ചിച്ചെന്ന് പാര്‍ട്ടി നേതൃത്വം കുറ്റപ്പെടുത്തി. നിതീഷിനോടുള്ള പ്രതിഷേധസൂചകമായി ബിജെപി  ഇന്ന്  വിശ്വാസലംഘനദിനം ആചരിച്ചു.