മാനെ വാഴ്ത്തി സിദ്ദു; കോൺഗ്രസ് വിട്ട് ആപ്പിലേക്കോ; പഞ്ചാബിൽ മറുകണ്ടം ചാട്ടം?

അധികാരത്തിലിരുന്ന പഞ്ചാബിൽ അനുകൂല  സാഹചര്യങ്ങൾ ഉണ്ടായിട്ട് പോലും കോൺഗ്രസിന് വൻതിരിച്ചടി നേരിട്ടതിൽ നേതാക്കൾ തമ്മിലുള്ള അധികാരപോരും പ്രധാനഘടകമായിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടികളിലേക്കും നേതൃത്വം കടക്കുമെന്നും സൂചനകളുണ്ടായിരുന്നു. പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും ആം ‌ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാനുമായി കൂടിക്കാഴ്ച പ്രഖ്യാപിച്ച് പഞ്ചാബ് പിസിസി മുൻ പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു. 

പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചർച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ പുനരുദ്ധാരണം സാധ്യമാകൂവെന്നും സിദ്ദു ട്വീറ്റ് ചെയ്‌തു. ചണ്ഡിഗഡിൽ ഇന്നു വൈകുന്നേരം 5.15 നാണ് കൂടിക്കാഴ്ച. മുൻപ് ഭഗവന്ത് മാനിനെ റബർ പാവയെന്ന് ആക്ഷേപിക്കുകയും ഡൽഹിയിലെ എഎപി നേതൃത്വമാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും വിമർശനം ഉന്നയിച്ചിരുന്ന സിദ്ദു, കഴിഞ്ഞ ദിവസം ഭഗവന്തിനെ ‘ഇളയ സഹോദരൻ’എന്നു വിളിച്ചത് ചുവടുമാറ്റമായ‌ാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നത്.

സിദ്ദുവിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി ഹരീഷ് ചൗധരി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ എതിർചേരികളുമായി സൗഹൃദം സൂക്ഷിക്കാൻ സിദ്ദു ശ്രമിക്കുന്നതായി ആരോപണം ഉയർന്നു. 

പിസിസി അധ്യക്ഷനായിരുന്ന നവ്ജ്യോത് സിങ് സിദ്ദുവിന്റെ മുഖ്യമന്ത്രി സ്വപ്നമാണു പഞ്ചാബ് കോൺഗ്രസിലെ പൊട്ടിത്തെറികൾക്കും തിരഞ്ഞെടുപ്പു പരാജയത്തിനും കാരണമായതെന്നു പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന അമരിന്ദർ സിങ്ങിനെതിരെ പട നയിച്ച സിദ്ദു, പിൻഗാമി ചരൺജിത് സിങ് ഛന്നിക്കെതിരെയും രംഗത്തിറങ്ങിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു.