ജനുവരി മുതൽ ഓണ്‍ലൈന്‍ ഓട്ടോ കൂലി വർധിച്ചേക്കും; ജിഎസ്ടി ഏർപ്പെടുത്തി കേന്ദ്രം

നിങ്ങൾ ഓൺലൈൻ ഓട്ടോ സർവ്വീസ് ഉപയോഗിക്കുന്നവരാണോ? ആണെങ്കിൽ അടുത്തവർഷം മുതൽ ഓട്ടോ കൂലിയായി അധിക പണം നൽകാൻ തയ്യാറായിക്കോളൂ. ഓൺലൈൻ ഓട്ടോ യാത്രകൾക്ക് ജനുവരി ഒന്ന് മുതൽ അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതു പ്രകാരം. ജനുവരി മുതൽ ഓട്ടോ കൂലിയിലും മാറ്റം വരും. ഒല, ഊബർ, റാപ്പിഡോ, ക്യുക്ക് റൈഡ് എന്നീ ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന യാത്രകൾക്കാകും പുതിയ നിരക്ക് ബാധകമാവുക. ഓട്ടോ സർവ്വീസുകൾക്ക് നൽകി വന്നിരുന്ന ജിഎസ്ടി ഇളവ് പിൻവലിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പ് അറിയിച്ചു.

ഓഫ് ലൈൻ ഓട്ടോ സർവ്വീസുകൾ ഇഷ്ടാനുസരണം അമിത നിരക്ക് ഈടാക്കുന്നത് പതിവായപ്പോൾ ഓൺലൈൻ ഓട്ടോ സർവ്വീസുകൾക്ക് ആവശ്യക്കാർ ഏറുകയായിരുന്നു. കൂടാതെ ഓഫ് ലൈൻ ഓട്ടോ സർവ്വീസുകളെക്കാൾ സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണ്  ഓൺലൈൻ ഓട്ടോ സർവ്വീസുകൾ. എന്നാൽ 5 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനം സർവ്വീസിനെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

തുടർച്ചയായ ഇന്ധനവില വർധനവിനിടയിൽ ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ മറ്റു ആവശ്യവസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്.

അതെസമയം ജിഎസ്ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് ഊബർ, റാപ്പിഡോ പ്രതിനിധികൾ ആവശ്യപ്പെട്ടു. ജിഎസ്ടി ഏർപ്പെടുത്തിയാൽ ഓട്ടോ കൂലിയിലും വർധനവ് ഉണ്ടാകുമെന്നും ഇത് ആവശ്യക്കാരുടെ എണ്ണം കുത്തനെ കുറയാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.