‘പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു; സ്വന്തം പേര് പറഞ്ഞു’..

രാജ്യം നടുങ്ങിയ ദുരന്തത്തിനു തൊട്ടുമുന്‍പ് വരെ ജനറൽ ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറലിന് ജീവനുണ്ടായിരുന്നുവെന്നും ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് ജീവന്‍നഷ്ടമായതെന്നുമാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

'രണ്ട് പേരെ രക്ഷപ്പെടുത്തി. അതിലൊന്ന് റാവത്തായിരുന്നു. രക്ഷയ്ക്കായി കൊണ്ടുപോകവെ അദ്ദേഹം ചെറിയ സ്വരത്തില്‍ ഹിന്ദിയില്‍ പേര് പറയുന്നുണ്ടായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണപ്പെട്ടു. ആ സമയത്ത് രണ്ടാമത്തയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല'- രക്ഷാപ്രവർത്തനത്തിലെ എന്‍ സി മുരളി എന്നയാള്‍ പറഞ്ഞു. 

ഊട്ടി കൂനൂരിന് അടുത്ത് കാട്ടേരി ഹോട്ടികൾചർ പാർക്കിനു സമീപം നഞ്ചപ്പസത്രത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.