കരുത്തനായ നായകന്‍; യുദ്ധതന്ത്രജ്ഞന്‍; മിന്നലാക്രമണത്തിന്റെ ആസൂത്രകന്‍

ഇന്ത്യന്‍ സേനകള്‍ക്ക് കരുത്തനായ നായകനെയാണ് ആദ്യ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്‍റെ അകാലവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനുമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.  കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്ന് കൃത്യമായ ദിശാബോധമുള്ള മേധാവിയായിരുന്നു ബിപിന്‍ റാവത്ത്. രാജ്യത്തെ പ്രതിരോധസേനകളുടെ പ്രവര്‍ത്തനരീതിയില്‍ ചരിത്രപരമായ മാറ്റത്തിനു വഴിയൊരുക്കുന്ന തിയറ്റര്‍ കമാന്‍‍ഡ് രൂപവല്‍ക്കരണമെന്ന നിര്‍ദേശം ബിപിന്‍ റാവത്തിന്‍റേതായിരുന്നു. കര, നാവിക, വ്യോമസേനകള്‍ സ്വന്തം കമാന്‍ഡുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന രീതിക്കുപകരം മൂന്ന് സേനകളിലെയും ആയുധ, ആള്‍ ബലങ്ങള്‍ ഏകോപിപ്പിച്ചുള്ള സംയുക്ത കമാന്‍ഡ് ആണ് തിയറ്റര്‍ കമാന്‍ഡ്. 

യു.എസിന്‍റെയും ചൈനയുടെയും സേനകള്‍ തിയറ്റര്‍ കമാന്‍ഡായാണ് പ്രവര്‍ത്തിക്കുന്നത്. സേനകളുടെ ആധുനികവല്‍ക്കരണത്തിനൊപ്പം ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതിനും ബിപിന്‍ റാവത്തിന് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. 2020 ജനുവരി ഒന്നിന് ഇന്ത്യയുടെ ആദ്യ സുയ്കതസേനാ മേധാവിയായി ചുമതലയേറ്റു. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. 2017 ജനുവരി ഒന്നിന് കരസേനാമേധാവിയായി. പതിവിനു വിപരീതമായി രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത് വിവാദമായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായ്ക്കും ദല്‍ബീര്‍ സിങ് സുഹാഗിനുശേഷം ഗൂര്‍ഖ റെജിമെന്‍റില്‍നിന്ന് കരസേനയുടെ തലപ്പത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായിരുന്നു ബിപിന്‍ റാവത്ത്. 1958 മാര്‍ച്ച് 16ന് ഉത്തരാഖണ്ഡിലായിരുന്നു ജനനം. അച്ഛന്‍ ലക്ഷ്മണ്‍ സിങ് റാവത്ത് കരസേനയില്‍ ലഫ്റ്ററനന്‍റ് ജനറലായിരുന്നു.