‘സാരമില്ല, നാടിനുവേണ്ടില്ലേ എന്റെ മകൻ..’; മൃതദേഹത്തിനരികെ വിതുമ്പി അച്ഛൻ

പുത്തൂർ (തൃശൂർ):  കുടുംബം അനാഥമായാലും സാരമില്ല, നാടിനുവേണ്ടിയാണല്ലോ എന്റെ മകൻ മരിച്ചത്.... പ്രദീപിന്റെ മൃതദേഹത്തിനരികിലെത്തിയ അച്ഛൻ രാധാകൃഷ്ണൻ മന്ത്രിച്ചു.  

നടക്കാൻ പോലും വയ്യെങ്കിലും ഓക്സിജൻ മാസ്ക് അഴിച്ചുവച്ചു വീടിനു പുറത്തേക്കു വരാൻ തന്നെ രാധാകൃഷ്ണൻ തീരുമാനിക്കുകയായിരുന്നു. പൊന്നൂക്കരയിലെ വീട്ടുമുറ്റത്തെത്തിയ പൊന്നുമകനെ അവസാനമായി ഒരു നോക്കു കാണാതിരിക്കാൻ ആ അച്ഛന് വയ്യ! ശ്വാസകോശ രോഗത്തെ തുടർന്ന് ആഴ്ചകളായി ഓക്സിജൻ സഹായത്തോടെയുള്ള കിടക്കയിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണനെ മകൻ പ്രദീപ് കോപ്റ്റർ അപകടത്തിൽ മരിച്ച കാര്യം അറിയിച്ചത് 2 ദിവസം കഴിഞ്ഞാണ്. 

രാധാകൃഷ്ണന് ഓക്സിജൻ മാസ്ക് മാറ്റാനാവുമായിരുന്നില്ല. ഇടയ്ക്കിടെ മാത്രമായിരുന്നു അദ്ദേഹത്തിന് ഓർമ വന്നിരുന്നത്. ഔദ്യോഗികമായി ദുഃഖം അറിയിക്കാൻ വന്നവർ പോലും വീട്ടിൽ കയറാതെ മടങ്ങുകയായിരുന്നു. അസ്വാഭാവികത തോന്നാതിരിക്കാൻ അയൽവാസികളും ശ്രദ്ധിച്ചു. 

മരണ വിവരം അറിഞ്ഞ് കോയമ്പത്തൂരിലേക്കു തിരിച്ച ഇളയ മകൻ പ്രസാദിനെ കാണാഞ്ഞ് പിറ്റേന്നു പകൽ ഇടയ്ക്കിടെ അച്ഛൻ വിവരം തിരക്കിയപ്പോൾ പ്രദീപിനെ കാണാൻ പോയിരിക്കുകയാണെന്നു മാത്രമാണ് വീട്ടുകാർ പറഞ്ഞത്.