ബ്രിഗേഡിയര്‍ ലിഡ്ഡറിന് വിടചൊല്ലി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡർക്ക് യാത്ര മൊഴിയേകി രാജ്യം. ഡൽഹി കന്റോണ്‍മെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മൂന്ന് സേന മേധാവിമാരും ആദരാഞ്ജലികൾ അർപ്പിച്ചു. ലിഡ്്ഡറിന്റെ വേര്‍പാട് തനിക്കും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഭാര്യ ഗീതിക പറഞ്ഞു. ജീവിതത്തിലെ വലിയ പ്രചോദനമായിരുന്നു അച്ഛനെന്ന് മകള്‍ അഷ്ന പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടങ്ങൾക്ക് രാജ്യത്തെ മുന്നിൽ നിന്ന് നയിച്ച സേന നായകന് ബിഗ് സല്യൂട്ട്. കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനൊപ്പമാണ് അകാലത്തിൽ ബ്രിഗേഡിയർ ലഖ്‌ബിന്ദർ സിങ്ങും യാത്രയായത്. ലിഡ്ഡറുടെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമാതികളോടെ പത്തരയോടെ പൂർത്തിയായി. 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേന മേധാവിമാരും അന്തിമോപചാരം അർപ്പിച്ചു. കുടുംബംഗങ്ങളും, വിവിധ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സന്നിദ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. കഴിഞ്ഞ ഒരു വർഷത്തിലെറെയായി ജനറൽ ബിപിൻ റാവത്തിന്റെ വിശ്വസ്തനായി പ്രവർത്തിച്ചു വരികയായിരുന്നു  അദ്ദേഹത്തിന്റെ ഡിഫെൻസ് അസിസ്റ്റന്റ് കൂടിയായിരുന്ന എൽ.എസ് ലിഡ്ഡർ. സേവനങ്ങൾക്കുള്ള അംഗീകരമായി മേജർ ജനറൽ ആയി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ലിഡ്ഡറിന്റെ വിയോഗം.