ചെന്നൈയിലും മലിനമായി വായു; പടക്കമാലിന്യങ്ങളും റെക്കൊർഡിൽ

ദീപാവലിക്കു പടക്കം പൊട്ടിക്കല്‍ പരിധി വിട്ടതോടെ ഡല്‍ഹിക്കു പിറകെ ചെന്നൈയിലും അന്തരീക്ഷ ഗുണനിലവാരം ഏറ്റവും മോശമായി. സമീപ വര്‍ഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ് വായു ഗുണനിലവാരമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. അതോടപ്പം പടക്ക മാലിന്യങ്ങളും സര്‍വകാല റെക്കോര്‍ഡിലെത്തി. ശിവകാശിയില്‍ ഇത്തവണ 4300 കോടി രൂപയുടെ പടക്കങ്ങളാണ് വിറ്റുപോയത്.

ദീപാവലിക്കും തൊട്ടടുത്ത ദിവസങ്ങളിലും ചെന്നൈ നഗരത്തിലെ കാഴ്ചയിതാണ്. ഒപ്പം നഗരത്തിന്റെ പലഭാഗങ്ങളിലും ശക്തമായ മഴയുമുണ്ടായി. ഇതോടെയാണു വായു ഗുണനിലവാരം കൂപ്പുകുത്തിയത്. ഗുണനിലവാര സൂചിക 892 വരെ ഉയർന്നു. ആലന്തൂരിലാണ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടായത്. മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമായതോടെ എങ്ങും പുകപടലങ്ങളാണ്. പടക്ക വിപണയുടെ തലസ്ഥാനമായ ശിവകാശിയില്‍ മൂന്നുദിവസത്തിനിടെ വിറ്റത് 4300 കോടി രൂപയുടെ പടക്കങ്ങളാണ്. 138 ടണ്‍ പടക്കമാലിന്യങ്ങളാണ് ഇതുവരെ കോര്‍പ്പറേഷന്‍ നീക്കം ചെയ്തത്. അപകടകരമായ രാസമാലിന്യങ്ങൾ സംസ്കരിക്കുന്ന ഗുമ്മിഡിപൂണ്ടിയിലെ സംവിധാനത്തിലേക്കാണ്  പടക്കമാലിന്യങ്ങൾ മാറ്റുന്നത്.  അനുവദിച്ച സമയപരിധി കഴിഞ്ഞു പടക്കം പൊട്ടിച്ചതിന് തമിഴ്നാട്ടിലാകെ 2505 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചെന്നൈയിൽ മാത്രം 891 കേസുകൾ റജിസ്റ്റർ ചെയ്തു. 517 പേരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.