‘കർഷകരെ കൊന്നവരെയല്ല; പേരിൽ ഖാൻ ഉള്ള 23കാരന്റെ പിന്നാലെ’; മെഹ്ബൂബ: വിവാദം

'ഖാൻ' പരാമര്‍ശം നടത്തിയ പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്കെതിരെ പരാതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് ഡല്‍ഹി പൊലീസിനു പരാതി നല്‍കിയത്. ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് െചയ്തിരിക്കുന്നത്. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ കേസും കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവവും വച്ചായിരുന്നു മെഹ്ബൂബയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി ട്വീറ്റില്‍ വിമര്‍ശിക്കുന്നു.  

നാല് കർഷകരെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം, കേന്ദ്ര ഏജൻസികൾ 23കാരന്‍റെ പിന്നാലെയാണ്. പേരിന്‍റെ അവസാനം 'ഖാൻ' ഉണ്ടെന്നതാണ് ഇതിന്‍റെ കാരണം. ബി.ജെ.പിയുടെ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ മുസ്​ലിം വിഭാഗക്കാരെ ലക്ഷ്യം വയ്ക്കുന്നു. ഇത് തീര്‍ത്തും നീതിയെ പരിഹസിക്കുകയാണെന്നാണ് മെഹ്ബൂബ ട്വീറ്റില്‍ കുറിച്ചത്. 

അതേസമയം, ലഹരിക്കേസിൽ പിടിയിലായ ആര്യൻ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ഇതു മൂന്നാം തവണയാണ് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ജാമ്യം ലഭിക്കാതെ പോകുന്നത്. ബുധനാഴ്ച നർ‌കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും.