ഞങ്ങളെ മൃഗങ്ങളെപ്പോലെ കൂട്ടിലാക്കി; അവകാശങ്ങള്‍ തട്ടിയെടുത്തു: മുഫ്തിയുടെ മകള്‍: കത്ത്

രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയിലാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇലി‍ത്തിജ ജാവേദ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് എഴുതിയ കത്തിലാണ് ഇലിത്തിജ ഇക്കാര്യങ്ങൾ ചോദിക്കുന്നത്. കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണ്. മനുഷ്യനെന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും ഇല്ലായ്മ ചെയ്യപ്പെട്ടുവെന്നും ജാവേദ് കത്തില്‍ തുറന്നുകാട്ടുന്നു.

മാധ്യമങ്ങളോട് സംസാരിച്ചതിനാണ് തന്നെ തടവില്‍ വെച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും ഇനിയും മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇല്‍ത്തിജ വ്യക്തമാക്കുന്നു. 

ആഗസ്ത് അഞ്ചിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടയിലും ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ അടക്കമുള്ള കശ്മീർ നേതാക്കളെ മുന്‍കരുതല്‍ തടങ്കലിലാക്കിയിരുന്നു ബിൽ അവതരിപ്പിച്ചത്. 

വീട്ടുതടവില്‍ കഴിയുന്ന ഇല്‍ത്തിജ നിലവിലെ സ്ഥിതിഗതികള്‍ അറിയിച്ച് ശബ്ദസന്ദേശവും പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിരോധിക്കുന്നവരെ നേരിടാന്‍ കശ്മീരുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെട്ട താന്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും എല്ലാ കശ്മീരികളെപ്പോലെ മരണഭയത്തിലാണ് താനുമെന്നും ശബ്ദസന്ദേശത്തില്‍  ഇല്‍ത്തിജ പറയുന്നു.