നീറ്റിനെതിരെ ബില്ലിന് സ്റ്റാലിൻ; മറ്റ് മുഖ്യമന്ത്രിമാരും തുണയ്ക്കണം: രോഷം

തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയെ പേടിച്ചു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതോടെ അതിവേഗ നടപടിയെടുക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡിഐകെ സര്‍ക്കാര്‍ ഉടന്‍ തന്നെ നീറ്റ് സംബന്ധിച്ച് ബില്ല് തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അനീതി അവസാനിപ്പിക്കണമെന്നും രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്തുവരണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ തന്നെ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സേലം മേട്ടൂര്‍ സ്വദേശി ധനുഷ് എന്ന 18 കാരനെയാണ് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു തവണ ധനുഷ് പരീക്ഷ എഴുതിയിരുന്നു. പക്ഷേ വിജയിക്കാനായിരുന്നില്ല. ധനുഷിന് ഇത്തവണ വിജയിക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നു കുടുംബം പറയുന്നു. മുന്‍വര്‍ഷങ്ങളിലും സമ്മര്‍ദ്ദം താങ്ങാനാവാതെ കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. 2018ല്‍ അനിതയെന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് തമിഴ്നാട്ടിലുടനീളം വന്‍ പ്രക്ഷോഭം നടന്നിരുന്നു.നീറ്റ് നിര്‍ത്തലാക്കും എന്ന ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്തായി എന്ന് എഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പഴനിസ്വാമി ചോദിച്ചു.