'19 കിലോ കഞ്ചാവും എലി തിന്നു'; തൊണ്ടി മുതല്‍ എവിടെയെന്ന ചോദ്യത്തിന് പൊലീസിന്‍റെ മറുപടി

rat-ganja
SHARE

കേസിലെ തൊണ്ടി മുതലായ 19 കിലോ കഞ്ചാവ് എലി തിന്നെന്ന വിചിത്രവാദവുമായി പൊലീസ്. സ്റ്റേഷനില്‍ സൂക്ഷിച്ച 10 കിലോ ഭാംഗും ഒന്‍പത് കിലോ കഞ്ചാവും മുഴുവനായി എലി തിന്നുതീര്‍ത്തെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആറു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ഭാഗമായുള്ള കഞ്ചാവാണ് എലി തിന്നത്. ഇവ കാണാനില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

2018 ഡിസംബര്‍ 18 ന് നടത്തിയ പരിശോധനയിലാണ് പ്രസാദ് അഗര്‍വാള്‍ എന്നയാളെയും മകനെയും 19 കിലോ കഞ്ചാവുമായി രജ്‍ഗഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യില്‍ നിന്നും പിടികൂടിയ കഞ്ചാബ് പൊലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമിലാണ് സൂക്ഷിച്ചിരുന്നത്. കേസിന്‍റെ വിചാരണ വേളയില്‍ ഏപ്രില്‍ ആറിനാണ് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍ ജഡ്ജ് രാം ശര്‍മ അന്വേഷണ ഉദ്യോഗസ്ഥനായ ജയ്‍പ്രകാശ് പ്രസാദിനോട് പിടിച്ചെടുത്ത കഞ്ചാബ് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഇക്കാലത്തിനിടെ സ്റ്റോര്‍ റൂമിനുള്ളിലെ എലി കഞ്ചാവുകള്‍ തിന്നുതീര്‍ത്തെത്താണ് പൊലീസ് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ വഴി കോടതിയെ അറിയിച്ചത്. എലി തെളിവ് നശിപ്പിച്ചെന്ന റിപ്പോര്‍ട്ട് സ്റ്റേഷന്‍ ഓഫീസര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭയ് ഭട്ട് പറഞ്ഞു. പ്രതിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. സംഭവത്തില്‍ ധന്‍ബാദ് എസ്‍പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

MORE IN INDIA
SHOW MORE