മാവിന് കാവൽ നാല് സെക്യൂരിറ്റിയും ആറ് നായയും; അപൂർവം ഈ മാമ്പഴക്കഥ

ചിത്രം കടപ്പാട്; ഗൂഗിൾ

ഇത്രയും വിഐപി മാങ്ങയോ? കേട്ടവർ കേട്ടവർ അതിശയിക്കുകയാണ്. ചില്ലറക്കാര്യമല്ല മധ്യപ്രദേശിലെ ജബൽപൂരിൽ കായ്ച്ച് നിൽക്കുന്ന ഏഴു മാമ്പഴങ്ങൾക്ക് നാലു സുരക്ഷാ ഉദ്യോഗസ്ഥരും ആറ് ഉശിരൻ നായ്ക്കളും രാപ്പകൽ ഇല്ലാതെ കാവലാണ്. കിലയോക്ക് രണ്ടര ലക്ഷത്തിലേറെ വിലയുള്ള മിയസാക്കി മാങ്ങകളാണ് റാണി–സങ്കൽപ് ദമ്പതികളുടെ വീട്ടിൽ കായ്ച്ച് നിൽക്കുന്നത്.

ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയസാക്കി മാങ്ങകൾ. ചെന്നൈയിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വ്യക്തിയാണ്  ദമ്പതികൾക്ക് ഈ വിശേഷപ്പെട്ട മാവിന്റെ തൈ നൽകിയത്. മാങ്ങകളുടെ പ്രാധാന്യം അറിയാതെ അവർ പറമ്പിൽ നടുകയും ചെയ്തു. പിന്നീടാണ് ഇത്രത്തോളം വിലമതിപ്പുള്ള മാങ്ങകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞവർഷം  മാവ് കായ്ച്ചതോടെ അത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാർത്ത പുറത്തെത്തി മൂന്നു ദിവസത്തിനുള്ളിൽ 14 മാങ്ങകൾ മോഷണം പോവുകയും ചെയ്തു. ഇതോടെ ഇത്തവണ അത് സംഭവിക്കരുതെന്ന് ഉറപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്.

മാണിക്യത്തിന് സമാനമായ ചുവപ്പു നിറമാണ്  മിയസാക്കി മാങ്ങകളുടെ പ്രത്യേകത. ജപ്പാനിലെ മിയസാക്കി നഗരത്തിൽ കൃഷിചെയ്യപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ' എഗ് ഓഫ് ദ സൺ' എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ് മിയസാക്കി മാങ്ങകൾ. ഒരു മാങ്ങയ്ക്ക് 21000 രൂപ വരെ നൽകാമെന്ന് പറഞ്ഞ് ആളുകൾ സമീപിച്ചുവെങ്കിലും ഒന്നും വിൽക്കുന്നില്ലെന്നാണ് ഇവരുടെ തീരുമാനം. വിത്തെടുത്ത് കൂടുതൽ മിയാസാക്കി മാവുകൾ നടാൻ കാത്തിരിക്കുകയാണ് റാണിയും സങ്കൽപ്പും.