'ഗംഗാദേവിയുടെ സമ്മാനം'; മരപ്പെട്ടിയിൽ പിഞ്ചുകുഞ്ഞ്; രക്ഷിച്ച് ബോട്ട് ജീവനക്കാരൻ

ഗംഗാനദിയിലൂടെ ഒഴുകി നടന്ന മരപ്പെട്ടിയിൽ നിന്ന് നവജാതശിശുവിനെ രക്ഷിച്ചു. ക്ഷേത്രത്തിലെ പൂജാരിയും ബോട്ട് ജീവനക്കാരനുമായ ഒരാളാണ് പെൺകുഞ്ഞിനെ രക്ഷിച്ചത്. ഉത്തർപ്രദേശിലെ ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. 

ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച മരപ്പെട്ടിയില്‍ നിന്നാണ് കുഞ്ഞിനെ ലഭിച്ചതെന്ന് ഗുല്ലു ചൗധരി പറയുന്നു. ഗംഗാദേവി തനിക്ക് നൽകിയ സമ്മാനമായി കരുതി കുഞ്ഞിനെ വളർത്തുമെന്നാണ് ഗുല്ലു പറയുന്നത്. ദേവീദേവന്മാരുടെ ചിത്രവും ഒപ്പം കുഞ്ഞിന്റെ ജാതകവും പെട്ടിയിൽ ഉണ്ടായിരുന്നു. കുഞ്ഞിനെ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുഞ്ഞിനെ ആര് സംരക്ഷിക്കുമെന്നതിനെക്കുറിച്ച് പൊലീസ് ഒന്നും പറയുന്നില്ല. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അവർ വ്യക്തമാക്കുന്നു.

ഗുല്ലു ചൗധരിയെ പുകഴ്ത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടിയെ വളർത്തുന്നിതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്വീകരിക്കുമെന്നും പറഞ്ഞു. സർക്കാർ പദ്ധതിയിലുള്ള എല്ലാ ആനുകൂല്യങ്ങളിലും ഉൾപ്പെടുത്തി ഗുല്ലു ചൗധരിക്ക് കുഞ്ഞിനെ വളർത്താൻ വേണ്ട സൗകര്യങ്ങളൊരുക്കുമെന്നും യോഗി ട്വീറ്റ് ചെയ്തു.