ഇസഡ് സുരക്ഷ; പാർട്ടിയിൽ ഉയർന്ന സ്ഥാനം; വൻ വരവേൽപ്പുമായി മമത; ബിജെപിക്ക് അടി

തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങിയെത്തിയതിനുള്ള പാരിതോഷികമായി മുൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിക്കു പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയേക്കുമെന്നു റിപ്പോർട്ട്. ഇതിനു പുറമേ ബംഗാൾ സർക്കാർ റോയിക്ക് ഇസഡ് സുരക്ഷയും മകൻ ശുഭ്രാന്‍ഷു റോയിക്കു വൈ പ്ലസ് സുരക്ഷയും നൽകും.

മൂന്നര വർഷം നീണ്ട ബിജെപി ബാന്ധവത്തിനു വിരാമമിട്ടു കഴിഞ്ഞ ദിവസമാണു മുകുളും മകനും തൃണമൂലിലേക്കു മടങ്ങിയെത്തിയത്. ബിജെപിയിലേക്കു ചേക്കേറിയ ഒട്ടേറെ നേതാക്കള്‍ ഇരുവർക്കും പിന്നാലെ തൃണമൂലിലേക്കു മടങ്ങിയെത്താനും ഇതോടെ സാധ്യതയേറി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തെത്തിയ മുകുൾ, ബിജെപിയിൽ നിലനിൽക്കുക അസാധ്യമായതിനാലാണു മടങ്ങിയെത്തുന്നതെന്നു വ്യക്തമാക്കി.

ഇപ്പോഴത്തെ അവസ്ഥയിൽ ബിജെപിയിൽ തുടരാൻ ആരും താൽപര്യപ്പെടുമെന്നു കരുതുന്നില്ലെന്നും തൃണമൂലിലേക്കു മടങ്ങിയെത്താനായതിൽ സന്തോഷമുണ്ടെന്നും മുകുൾ പറഞ്ഞു. മുകുളിനു പിന്നാലെ ഒട്ടേറെ നേതാക്കൾ മടങ്ങിയെത്തുമെന്നും എന്നാൽ തിരഞ്ഞെടുപ്പിനു മുൻപു ബിജെപിയുടെ പണം വാങ്ങി പാർട്ടിയെ വഞ്ചിച്ചവരെ തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്നും മമത ബാനർജി പറഞ്ഞു.