‘വാക്സീൻ സൗജന്യമാക്കി; ചെലവാണ്; പിഎം കെയറിന് സംഭാവന വേണം’; കങ്കണ

കേന്ദ്രസർക്കാരിന്റെ വാക്സീൻ നയത്തെ വിവിധ സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയും ചോദ്യം ചെയ്തതോടെ ഇന്നലെ പുതിയ നയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സീൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ ഇന്നലെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വലിയ ചെലവ് വരുന്ന കാര്യമാണെന്നും ഇതിനായി പിഎം കെയറിലേക്ക് പണം നൽകാനും നടി കങ്കണ ആഹ്വാനം ചെയ്തു. 

‘സംസ്ഥാനങ്ങളിൽ നിന്നും വാക്‌സിൻ ഡ്രൈവ് കേന്ദ്രം ഏറ്റെടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചു. എന്നാൽ ഇതിന് എത്രത്തോളം ചെലവ് വരുമെന്ന് നിങ്ങൾക്ക് അറിയാമോ? അത് നിങ്ങളുടെ സങ്കൽപ്പത്തിന് അപ്പുറമായിരിക്കും.അതുകൊണ്ട് വാക്സീൻ എടുത്തവർ 100, 200, 1000 രൂപ. നിങ്ങളെ കൊണ്ട് കഴിയുന്നത് പിഎം കെയറിലേക്ക് സംഭവാന നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു.’ കങ്കണ ഇൻസ്റ്റഗ്രമിൽ കുറിച്ചു. 

സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയ പുതിയ വാക്സീൻ നയത്തിന്റെ തിരുത്താണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നിലവിലെ നയം യുക്തിക്കു നിരക്കുന്നതല്ലെന്നും സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും പാവങ്ങൾക്കു വാക്സീൻ ലഭിക്കാത്ത സ്ഥിതിയാണെന്നും കഴിഞ്ഞ 2ന് ആണു സുപ്രീം കോടതി വ്യക്തമാക്കിയത്. പ്രധാനമായും, സുപ്രീം കോടതിയുടെ ഇടപെടലാണു നയം തിരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

നയം തിരുത്താൻ നിർദേശിച്ചതിനൊപ്പം, നയരൂപീകരണ ഫയലുകളിലെ കുറിപ്പുകളും ബജറ്റിൽ പ്രഖ്യാപിച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവാക്കി എന്നതിന്റെ കണക്കും കാണണമെന്ന് കോടതി പറഞ്ഞിരുന്നു. കോടതിയുടെ ഇടപെടലിനെക്കുറിച്ച് പ്രധാനമന്ത്രി ഇന്നലത്തെ പ്രസംഗത്തിൽ ഒന്നും പറഞ്ഞില്ലെന്നതു ശ്രദ്ധേയമാണ്.