കേന്ദ്രം ഇടപെട്ടു; ആര്‍എസ്എസ് നേതാക്കളുടെ അക്കൗണ്ട് ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റര്‍

െഎടി ചട്ടങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്‍റെ അന്ത്യശാസനം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കുന്ന പരിരക്ഷ നഷ്ടമാകുന്നത് അടക്കം കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. അതിനിടെ, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെയും ആര്‍എസ്എസ് നേതാക്കളുടെയും വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക്ക് െഎടി മന്ത്രാലയം ഇടപെട്ടതോടെ ട്വിറ്റര്‍ പുനസ്ഥാപിച്ചു.

പുതിയ െഎടി ചട്ടപ്രകാരം ചീഫ് കംപ്ലയിന്‍സ് ഒാഫീസറെ നിയമിച്ചതിന്‍റെ വിവരങ്ങള്‍ ട്വിറ്റര്‍ കൈമാറിയിട്ടില്ലെന്ന് സര്‍ക്കാരിന്‍റെ നോട്ടിസില്‍ പറയുന്നു. റസിഡന്‍റ് ഗ്രീവന്‍സ് ഒാഫീസറും നോഡല്‍ കോണ്‍ടാക്റ്റ് പേഴസണും ട്വിറ്ററിന്‍റെ ജീവനക്കാരനല്ല. പകരം അഭിഭാഷകന്‍റെ വിവരങ്ങളാണ് ട്വിറ്റര്‍ നല്‍കിയത്. ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഉപയോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള പരിശ്രമങ്ങളോട് നിഷേധാത്മക സമീപനമാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മേയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്ന ചട്ടങ്ങള്‍ നടപ്പാക്കണം. ഇല്ലെങ്കില്‍ ഇന്‍റര്‍മീഡിയറി എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ വ്യക്തിഗത അക്കൗണ്ട് ഏറെ നാളായി നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയത്. ഉപരാഷ്ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ ട്വിറ്റര്‍ ബ്ലൂ ടിക്ക് പുനസ്ഥാപിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, മുതിര്‍ന്ന നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കൃഷ്ണ ഗോപാല്‍, സുരേഷ് സോണി എന്നിവരുടെ അക്കൗണ്ടിലെ ബ്ലൂ ടിക്കും നീക്കിരുന്നു. പിന്നീട് പുനസ്ഥാപിച്ചു. അക്കൗണ്ട് ആധികാരികമാണെന്ന് അറിയാനാണ് ബ്ലൂ ടിക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.