‘അനുഭവിക്കുന്നത് വൻ സമ്മർദം: ഉൽപാദനം വിദേശത്തേക്കും’; സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

വാക്സീൻ ക്ഷാമം രൂക്ഷമായിരിക്കെ കോവിഷീൽഡിന്റെ ഉൽപാദനം വിദേശരാജ്യങ്ങളിൽ കൂടി തുടങ്ങുന്നതു പരിഗണിച്ചു വരികയാണെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. ഓര്‍ഡര്‍ ലഭിച്ച ഡോസുകള്‍ വിതരണം ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.  വാക്സീൻ ആവശ്യം ഇന്ത്യയിൽ പല മടങ്ങായി വർധിച്ചതോടെ വൻ സമ്മർദം അനുഭവിക്കുന്നതായും ബ്രിട്ടിഷ് മാധ്യമത്തിന് അനുഭവിച്ച അഭിമുഖത്തിൽ അദാർ പൂനവാല വെളിപ്പെടുത്തി. ഇന്ത്യയിലെ പ്രബലരായ പല ആളുകളിൽ നിന്നും ഭീഷണി ഫോൺകോളുകൾ നിരന്തരം ലഭിക്കുന്നു. മുഖ്യമന്ത്രിമാരും പ്രമുഖ ബിസിനസുകാരുമെല്ലാം അതിൽ ഉൾപ്പെടുന്നു. 

വാക്സീൻ ഉൽപാദനവുമായി ബന്ധപ്പെട്ട എല്ലാ സമ്മർദവും എന്റെ ചുമലിലാണ്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ലണ്ടനിലെത്തിയത്. കുറച്ചു നാളുകൾ കൂടി ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ലണ്ടനിൽ തന്നെ തുടരാനാണ് തീരുമാനം. ഈ തീരുമാനവും ഭീഷണിക്കു കാരണമായിട്ടുണ്ടാകുമെന്നും പൂനവാല പറഞ്ഞു. 

ഇന്ത്യയിൽ മൂന്നാം ഘട്ട വാക്സീൻ കുത്തിവയ്പിൽ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സീൻ നേരിട്ടു വാങ്ങാൻ കേന്ദ്രം അനുമതി നൽകിയതോടെ ആവശ്യം പല മടങ്ങായി. ലോകാരോഗ്യ സംഘടന പിന്നാക്ക രാജ്യങ്ങൾക്കു വാക്സീൻ എത്തിക്കാൻ തുടക്കമിട്ട കോവാക്സ് പദ്ധതിയിലേക്കുള്ള ഓർഡറുകളും മുടങ്ങിയിരിക്കുകയാണ്. പ്രതിമാസ ശേഷി ജൂലൈയോടെ 10 കോടി ഡോസ് ആക്കുമെന്നാണു സീറം അറിയിച്ചിരിക്കുന്നത്.

അദാർ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.  സുരക്ഷാഭീഷണി പരിഗണിച്ചാണ് തീരുമാനം. അദാറിന് ഇന്ത്യയിലെവിടെയും 11 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുണ്ടാകും. ഇതിൽ ഒന്നോ രണ്ടോ പേർ കമാൻഡോകളും ശേഷിക്കുന്നവർ പൊലീസുകാരുമായിരിക്കും. വാക്സീന്റെ വില പ്രഖ്യാപനം ഉൾപ്പെടെ തീരുമാനങ്ങൾക്കു പിന്നാലെ അദാറിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ട്.

വാക്സീൻ ക്ഷാമം രൂക്ഷമായിരിക്കെ, ഇന്ത്യ ഉപയോഗിക്കുന്ന 2 വാക്സീനുകളുടെയും ഉൽപാദനം വിദേശത്തേക്കു കൂടി വ്യാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കോവിഷീൽഡിന്റെ ഉൽപാദനം സീറം ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തം നിലയിലാണ് ആലോചിക്കുന്നതെങ്കിൽ, കോവാക്സീന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരാണു മുൻകയ്യെടുക്കുന്നത്. കോവാക്സീന്റെ സാങ്കേതിക വിദ്യ വിദേശ കമ്പനികൾക്കു കൈമാറി, ഉൽപാദനവും വിതരണവും സാധ്യമാകുമോയെന്നാണു പരിശോധിക്കുന്നത്.

ഈ ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നെങ്കിലും ‘ആത്മനിർഭർ ഭാരത്’ തദ്ദേശീയ ഉൽപാദനത്തിനായിരുന്നു സർക്കാർ പരിഗണന. കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണു ഭാരത് ബയോടെക് കോവാക്സീൻ വികസിപ്പിച്ചത്.

രാജ്യത്ത് വെള്ളിയാഴ്ച 4.01 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; മരണം 3523. ഏതെങ്കിലും രാജ്യത്ത് ഒറ്റ ദിവസം 4 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 33 ലക്ഷം കവിഞ്ഞു. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവർ 1.95 കോടി; ആകെ മരണം 2.14 ലക്ഷം.