രാജ്യത്ത് പിടിമുറുക്കി കോവിഡ്; പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലധികം

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ. പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഒന്നര ലക്ഷത്തിലധികമാണ്. രോഗമുക്തി നിരക്ക് 90 ശതമാനത്തില്‍ താഴെയായി. സജീവ രോഗികള്‍ 13 ലക്ഷത്തോളമാണ്. റഷ്യയുടെ സ്പുട്നിക് വാക്സീന്‍റെ അടിയന്തര ഉപയോഗത്തിന് ഡിസിജിെഎ അനുമതി നല്‍കി. രോഗവ്യാപനം രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസംവിധാനങ്ങള്‍ അവതാളത്തിലായി. സിബിഎസ്ഇ പരീക്ഷകളുടെ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. 

24 മണിക്കൂറിനിടെ 1,61,736 കോവിഡ് കേസുകള്‍. 879 മരണം. 12,64,698 സജീവരോഗികള്‍. 1,71,058 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മരണസംഖ്യയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. രോഗമുക്തി നിരക്ക് 89.51 ശതമാനമായി താഴ്ന്നു. കേരളം അടക്കം 16 സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയും ഡല്‍ഹിയും ഛത്തീസ്ഗഡും ആശങ്കയായി തുടരുന്നു. ഹരിയാനയില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. ഭോപ്പാലില്‍ കടുത്ത നിയന്ത്രണങ്ങളാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡുവും നാളെ ഗവര്‍ണര്‍മാരുമായി പ്രതിരോധ നടപടികളും വാക്സീനേഷന്‍ പുരോഗതിയും ചര്‍ച്ച ചെയ്യും. 

ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത 102 തീര്‍ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസം 18,169 തീര്‍ഥാടകരിലാണ് പരിശോധന നടത്തിയത്. റായ്പ്പുരിലെ ബിആര്‍ അംബേദ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. മരണസംഖ്യ പെട്ടെന്ന് ഉയര്‍ന്നതോടെ ഫ്രീസറുകള്‍ ഒഴിവില്ലാതായി. മോറിച്ചറിക്ക് പുറത്ത് പെരിവെയിലത്ത് മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. െഎസിയു കിടക്കകളും നിറഞ്ഞുകവിഞ്ഞു. കോവാക്സീനും കോവിഷീല്‍ഡിനും പിന്നാലെ സ്പുട്നിക് വാക്സീനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. ഹൈദരാബാദിലെ റെഡ്ഢിസ് ലബോറട്ടറിസ് ആണ് ഉല്‍പാദനത്തിനും വിതരണത്തിനും കരാര്‍ ഒപ്പിട്ടിട്ടുള്ളത്. 91.6 ശതമാനമാണ് ഫലപ്രാപ്തി. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് കുത്തിവയ്പ്പ്. പാര്‍ശ്വഫലം കുറവാണ്. ഡോസ് ഒന്നിന് 750 രൂപ വില വന്നേയ്ക്കും. സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. പരീക്ഷകള്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കം ആവശ്യപ്പെട്ടിരുന്നു.