കേരളമടക്കം 5 സംസ്ഥാനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ഡൽഹി സർക്കാർ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. പ്രതിരോധനടപടികളിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ കേരളത്തിലേയ്ക്ക് അയയ്ക്കും. വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച് നാല് സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. 

രാജ്യത്തെ സജീവ കോവിഡ് രോഗികളില്‍ 75 ശതമാനവുമുള്ള കേരളം, മഹാരാഷ്ട്ര, കേസുകള്‍ ഉയര്‍ന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നിയന്ത്രണം. ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന പരിശോധനഫലം നിര്‍ബന്ധമാക്കും. മറ്റെന്നാള്‍ മുതല്‍ മാര്‍ച്ച് 15വരെ. ഡല്‍ഹിയിലേയ്ക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍വരെ മുന്‍പുള്ള പരിശോധന ഫലമാണ് സ്വീകരിക്കുക. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാരും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

രോഗബാധ ഉയര്‍ന്നു നില്‍ക്കുന്ന കേരളം അടക്കം 9 സംസ്ഥാനങ്ങളിലേയ്ക്കും ജമ്മുകശ്മീരിലേയ്ക്കുമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയയ്ക്കുന്നത്. പ്രതിരോധനടപടികളിലെ പോരായ്മകള്‍ പരിശോധിക്കും. സംസ്ഥാന സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ഈ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമുള്ള വാക്സീന്‍ കുത്തിവയ്പ്പ് വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സീന്‍ നല്‍കുന്നത് ഉടന്‍ ആരംഭിക്കും.