കേജ്‌രിവാളിന്‍റത് രാഷ്ട്രീയനാടകം; വീട്ടില്‍ വെറുതെയിരുന്ന് ഒച്ചയിടുന്നു: ഗംഭീര്‍

അരവിന്ദ് കേജ്‌രിവാളിന്‍റെ നീക്കം രാഷ്ട്രീയ കളിയാണെന്ന വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ. പഞ്ചാബിൽ അധികാരം ലക്ഷ്യമിട്ട് കൊണ്ടാണ് കേജ്‌രിവാള്‍ കാർഷികസമരത്തെ പിന്തുണക്കുന്നതെന്ന് ഗൗതം ഗംഭീർ ആരോപിച്ചു. കേജ്‌രിവാള്‍ വീട്ടുതടങ്കലിലായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഗംഭീർ ട്വീറ്റ് ചെയ്തത്. കേജ്‌രിവാളിന് അധികാരമോഹം മാത്രമാണെന്നും അതുകൊണ്ടാണ് വീട്ടിലിരുന്ന് ഒച്ചവയ്ക്കുന്നതെന്നും ഗംഭീർ ആരോപിച്ചു.

ഭാരത് ബന്ദിനെ പിന്തുണച്ച് കര്‍ഷര്‍ക്കൊപ്പം പ്രതിഷേധിക്കാനിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലിലാക്കിയതായി ആം ആദ്മി പാര്‍ട്ടി അറിയിക്കുകയായിരുന്നു. കേജ്‍രിവാളിനെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്ന് ആംആദ്മിപാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ഡല്‍ഹി പൊലീസ് ആരോപണം നിഷേധിച്ചു. ഡല്‍ഹി െഎടിഒ റോഡ് ഉപരോധിച്ച ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വനിത പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ കീറി.

സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഇന്നലെ സന്ദര്‍ശിച്ച മടങ്ങിയെത്തിയതു മുതല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ വീട്ടുതടങ്കലിലാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ സിവില്‍ ലൈനിലെ വസതിയിലേയ്ക്ക് പ്രവേശിക്കാനോ, പുറത്തേയ്ക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ല. വസതിയിലേയ്ക്കുള്ള പാതകള്‍ ബാരിക്കേഡുവച്ച് തടഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ഈ നീക്കമെന്നും ആംആദ്മിപാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് മനോരമന്യൂസിനോട് പറഞ്ഞു.

ഡല്‍ഹി റോസ് അവന്യൂവിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗതാഗതം നിലച്ചു. പൊലീസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി. കയ്യാംകളിക്കിടെ പലര്‍ക്കും പരുക്കേറ്റു. വനിത പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പരുഷപൊലീസുകാര്‍ വലിച്ചുകീറിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

കേജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നും അദ്ദേഹത്തിന് യാത്ര നിയന്ത്രണങ്ങളില്ലെന്നും നോര്‍ത്ത് ഡിസിപി ആന്‍റോ അല്‍ഫോണ്‍സ് പ്രതികരിച്ചു. വീടിന്‍റെ ചിത്രവും ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. കേജ്‍രിവാളിന്‍റേത് രാഷ്ട്രീയ നാടകമാണെന്നും വീട്ടില്‍വെറുതെ ഇരിക്കുന്നതിനെ തടങ്കല്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും ബിജെപിയും പ്രതികരിച്ചു.