പ്രതിഷേധത്തിനിടെ കര്‍ഷകന്‍റെ മരണം; നീതി നിഷേധിച്ച് സര്‍ക്കാര്‍

ഹരിയാന പൊലീസ് നടപടിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ കേസെടുക്കാതെ ഒളിച്ചുകളി തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍. ബുധനാഴ്ച മരിച്ച കര്‍ഷകന്‍റെ മൃതദേഹം ഇപ്പോഴും പോസ്റ്റ്മോര്‍ട്ടം പോലും ചെയ്യാതെ ആശുപത്രി മോര്‍ച്ചറിയിലാണ്. അതിനിടെ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചു.

ഭട്ടിന്‍ഡ സ്വദേശിയായ 21 വയസ്സുകാരന്‍ ശുഭ്‌കരണ്‍ സിങ്ങെന്ന കര്‍ഷകന്‍ ഹരിയാന പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ടത് ബുധനാഴ്‌ച വൈകുന്നരം. അഞ്ച് ദിവസം പിന്നിടുമ്പോഴും ഹരിയാന പൊലീസിനെതിരെ കേസെടുക്കാന്‍ പഞ്ചാബ് പൊലീസ് തയാറായിട്ടില്ല. ഹരിയാന പൊലീസിനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ശുഭ്കരണിന്‍റെ കുടുംബവും കര്‍ഷക സംഘടനകളും ആവര്‍ത്തിക്കുന്നത്. 

അതിനിടെ,, ഹരിയാനയുടെ ഏഴ് ജില്ലകളിൽ രണ്ടാഴ്ചയ്ക്ക് ശേഷം ഇന്‍റര്‍നെറ്റ് പുന:സ്ഥാപിച്ചു. കർഷകരുടെ ദില്ലി ചലോ മാർച്ച് ആരംഭിച്ചതിന് പിന്നാലെയാണ് ഹരിയാനയിൽ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചത്. നിലവിൽ മാർച്ച്‌ 29 വരെ ട്രാക്ടർ മാർച്ച്‌ നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് കർഷക പ്രശ്നങ്ങള്‍ പങ്കുവച്ച് സെമിനാറുകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുകയാണ് കര്‍ഷകസംഘടനകള്‍. വന്‍ ഗതാഗതക്കുരുക്ക് കണക്കിലെടുത്തും ദില്ലി മാർച്ച് നിർത്തിവച്ചതിനാലും സിംഗു, തിക്രി അതിർത്തികളും ഡൽഹി-റോത്തക് ദേശീയപാതയും ഹരിയാന പൊലീസ് ഭാഗികമായി തുറന്നു.

Farmer's Death During Protest In Punjab Updates