ഡല്‍ഹിയിലേക്കുള്ള പാതകളിലൂടെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മാര്‍ച്ച്

ട്രാക്ടറുകളുമായി  ഡല്‍ഹിയിലേക്കുള്ള പാതകളിലൂടെ മാര്‍ച്ച് നടത്തി സംയുക്ത കിസാന്‍ മോര്‍ച്ച. ലോക വ്യാപാര സംഘടനയില്‍നിന്ന് ഇന്ത്യ പുറത്തുവരണമെന്നതാണ് പ്രധാന ആവശ്യം. കര്‍ഷകസംഘടനകളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനത്തിന് കമ്മിറ്റി രൂപീകരിച്ചതായി രാകേഷ് ടിക്കായത്ത് അറിയിച്ചു. യമുന എക്സ്‌പ്രസ് വേയിലും വിവിധ ദേശീയ, സംസ്ഥാന, സംസ്ഥാനാന്തര പാതകളിലൂടെയും ട്രാക്ടറുകള്‍ അണിനിരത്തിയുള്ള കര്‍ഷക രോഷം. ക്വിറ്റ് WTO ദിനം എന്ന പേരിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. 

ഹരിയാനയിലും യുപിയിലും ഡല്‍ഹി അതിര്‍ത്തികളിലും വന്‍ സുരക്ഷയാണ് പൊലീസും ദ്രുത കര്‍മസേനാംഗങ്ങളും അര്‍ധസൈനിക വിഭാഗങ്ങളും ചേര്‍ന്നൊരുക്കിയിട്ടുള്ളത്. കര്‍ഷകരെ സര്‍ക്കാര്‍ മറക്കാതിരിക്കാനാണ് ഈ വിധത്തിലുള്ള പ്രതിഷേധമെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

അതിനിടെ, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമല്ലാത്ത സംഘടനകളെയും പ്രതിഷേധത്തില്‍ അണിനിരത്താന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ചണ്ഡിഗഢില്‍ യോഗം ചേര്‍ന്നതിന് ശേഷം ആറംഗ കമ്മിറ്റിക്ക് SKM രൂപം നല്‍കി. ഖനൂരിയില്‍ കര്‍ഷകനെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ നടപടി വേണമെന്ന് ഹരിയാന സര്‍ക്കാരിനോട് ബിജെപി നേതാവായ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ച് നിര്‍ത്തി വച്ചതോടെ ശംഭു, ഖനൂരി അതിര്‍ത്തികള്‍ ശാന്തമാണ്. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട കര്‍ഷകന്‍റെ മൃതദേഹം ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കും വരെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുമെന്ന നിലപാടില്‍ത്തന്നെയാണ് കര്‍ഷക സംഘടനകള്‍. 

Farmers marched along roads to Delhi with tractors