കര്‍ഷകര്‍ക്കായി മണിക്കൂറില്‍ 2000 ചപ്പാത്തി ഉണ്ടാക്കുന്ന മെഷീന്‍: വിഡിയോ

ഇന്റർനെറ്റിൽ വൈറലായി മണിക്കൂറിൽ 2000 ചപ്പാത്തികളുണ്ടാക്കുന്ന യന്ത്രം. കാർഷികസമരം നടക്കുന്ന സിംഗു ടിക്രി അതിർത്തിയിലാണ് കർഷകർക്കായുള്ള മഷീനുള്ളത്. ഇങ്ങനെ ഭക്ഷണം നിർമ്മിക്കാൻ സാധിക്കുന്ന മഷീന്‍ സാധാരണയായി കണ്ടുവരാറുള്ളത് ഗുരുദ്വാരകളിലാണ്. സുവർണ്ണ ക്ഷേത്രമായ അമൃതസറിസും ഇത്തരത്തിൽ യന്ത്രങ്ങളുണ്ട്. ആയിരക്കണക്കിന് ആളുകൾക്കാണ് യന്ത്രത്തിന്റെ സഹായത്തോടെ ദിവസും ഗുരുദ്വാരകളിൽ നിന്ന് ചപ്പാത്തിയുണ്ടാക്കി നൽകാറുള്ളത്. 

ഖൽസ ഐഡ് ഫൗണ്ടേഷനാണ് കർഷകർക്കായി യന്ത്രം നിർമിച്ച് നൽകിയത്. സ്ത്രീകൾക്കായി മുപ്പതോളം ശുചിമുറികളും സമരസ്ഥലത്ത് നിർമിച്ച് നൽകിയിട്ടുണ്ടെന്ന് ഫൗണ്ടേഷൻ സ്ഥാപകനായ അമർപ്രീത് സിംങ് അറിയിച്ചു. മഷീനില്‍ ചപ്പാത്തിയുണ്ടാക്കുന്ന വിദ്യ വിഡിയോയിലുണ്ട്. തീയിലൂടെയുള്ള ചൂടിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. കർഷകസമരത്തിന്റെ ഭാഗമായി ദിവസങ്ങൾ അതിർത്തിപ്രദേശത്ത് താമസിക്കുന്നവർക്ക് പാചകം ചെയ്യാനുള്ള എളുപ്പവഴിയാണ് യന്ത്രത്തിന്റെ സഹായം.

ഇതിനിടെ, കർഷക പ്രക്ഷോഭം ദേശവ്യാപകമായി പടരുന്നതിനിടെ കർഷക സംഘടന നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തും. രാത്രി അമിത്ഷായുടെ വസതിയിലായിരിക്കും ചർച്ച. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ നാളെ രാഷ്ട്രപതിയെ കാണും. നിയമത്തിനെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രചാരണമാണെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആരോപിച്ചു.  കർഷകരെ കവർച്ച ചെയ്യുന്നത് നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.  ഡൽഹി-ഹരിയാന അതിർത്തികളിലെ കർഷക പ്രക്ഷോഭം പതിമൂന്നാം ദിവസവും തുടരുകയാണ്. 

നാളെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറുമായുള്ള ആറാം വട്ട ചർച്ച നടക്കാനിരിക്കെയാണ് കർഷക നേതാക്കളെ ആഭ്യന്തര മന്ത്രി  അമിത് ഷായുടെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.  കർഷകരുടെ 15 അംഗ പ്രതിനിധി സംഘം ചർച്ചയിൽ പങ്കെടുക്കും. രാംലീല മൈതാനത്ത് സമരം നടത്താൻ അനുമതി നൽകിയാൽ ഡൽഹി-ഹരിയാന അതിർത്തികൾ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാം എന്ന് അമിത്ഷായുടെ ക്ഷണം ലഭിച്ച ശേഷം കർഷക നേതാക്കൾ പറഞ്ഞു. ഇന്നത്തെ ഭാരത ബന്ദ് വൻ വിജയമായി എന്നും സർക്കാരിന് രക്ഷപ്പെടാൻ പഴുതുകൾ ഇല്ലാ എന്നും കർഷക നേതാക്കൾ പറഞ്ഞു.

അതേസമയം കർഷക സമരം ഏറ്റെടുത്ത് പ്രധാന രാഷ്ട്രീയ വിഷയം ആക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. വിവാദ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പ്രതിനിധി സംഘം നാളെ രാഷ്ട്രപതിയെ കാണും. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ 5 പ്രതിപക്ഷ നേതാക്കൾക്കാണ് കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രപതി ഭവൻ അനുമതി നൽകിയിട്ടുള്ളത്.  പ്രതിപക്ഷ ഇടപെടലുകളെ എതിർത്ത് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ രംഗത്തെത്തി. നിയമങ്ങൾക്ക് എതിരായ പ്രചാരണങ്ങൾ സമൂഹത്തെ ഭിനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാനെന്ന് മന്ത്രി ആരോപിച്ചു. 

കാർഷിക പരിഷ്‌കാരങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷം കാണിക്കുന്നത് കാപട്യം ആണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജവദേക്കരും ആരോപിച്ചു. ഭരണ പ്രതിപക്ഷ പോര് മുറുകുമ്പോഴും അതിനൊന്നും ചെവി കൊടുക്കാതെ സിംഘു ,തിക്റി, ഗാസിപൂർ അതിർത്തികളിലെ സമര ഭൂമിയിൽ ശക്തമായി തുടരുകയാണ് കർഷകർ. ഭാരത് ബന്ദിൻ്റെ ദിവസമായതിനാൽ വൻ ജനാവലിയാണ് കർഷകർക്ക് പിന്തുണയുമായി സമര ഭൂമികളിൽ എത്തുന്നത്.