ബീച്ചിലിറങ്ങിയവർക്ക് നേരെ കൂട്ടത്തോടെ ജെല്ലിഫിഷ് ആക്രമണം; ഗോവയിൽ മുന്നറിയിപ്പ്

ഗോവയിൽ ബീച്ചിലിറങ്ങിയവർക്ക് നേരെ ജെല്ലിഫിഷ് ആക്രമണം. ജെല്ലിഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ട 90–ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ മുന്നറിയിച്ചുമായി അധികൃതർ രംഗത്തെത്തി. ജെല്ലിഫിഷിന്റെ കുത്തേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്ന് ഗോവ ലൈഫ്ഗാര്‍ഡ് നിർദേശം നൽകി.

ജെല്ലിഫിഷിന്റെ കുത്തേറ്റവര്‍ക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലൈഫ് ഗാര്‍ഡ് ഏജന്‍സിയുടെ മുഖ്യ ജോലി. ഗോവയിലെ പ്രമുഖ ബീച്ചായ ബാഗ- സിന്‍ക്വറിം ബിച്ചിലാണ് കൂടുതൽ പേർക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞദിവസം പാരാസെയിലിങ് നടത്തുന്നതിനിടെ ജെല്ലിഫിഷിന്റെ കുത്തേറ്റ് ഒരു യുവാവിന് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കൃത്രിമ ഓക്‌സിജന്‍ നല്‍കിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും ദൃഷ്ടി ലൈഫ്ഗാര്‍ഡ് ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു.

സാധാരണനിലയില്‍ ജെല്ലിഫിഷിന്റെ കുത്തേറ്റവര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകള്‍ മാത്രമാണ് അനുഭവപ്പെടുക. എന്നാല്‍ ചില അപൂര്‍വ്വം കേസുകളില്‍ ചികിത്സ വേണ്ടി വരും. ലോക്ഡൗണിനും മൺസൂൺ പിൻവാങ്ങിയതിനും ശേഷം ഗോവയിലെ ബീച്ചുകൾ സഞ്ചാരികൾക്കായി അടുത്തിടെയാണ് തുറന്നുകൊടുത്തത്.