വിഷപ്പുകയാല്‍ നിറ‍ഞ്ഞ് ഡല്‍ഹി: മലിനീകരണം അതിരൂക്ഷം

കോവിഡ് കണക്കുകള്‍ വര്‍ധിക്കുന്നതോടൊപ്പം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും മോശം നിലയിലേക്ക്. വിഷപ്പുകയാല്‍ ഇന്നലെ ഡല്‍ഹിയിലെ അന്തരീക്ഷം നിറഞ്ഞു. ശൈത്യം ആരംഭിച്ചതോടെ വായുസഞ്ചാരം കുറഞ്ഞതും ഹരിയാന–പഞ്ചാബ് സംസ്ഥാനങ്ങളിലും വയലവശിഷ്ടങ്ങള്‍ കത്തിക്കുന്ന വര്‍ധിച്ചതുമാണ് വായുനിലവാരത്തെ മോശമാക്കിയത്. വരും ദിവസങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരാനാണ് സാധ്യത. 

ശൈത്യകാലമെത്തി, ഡല്‍ഹിയുടെ അന്തരീക്ഷ മലിനീകരണം ഏറ്റവും മോശാവസ്ഥയിലേക്ക് കൂപ്പുകുത്തി. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ അന്തരീക്ഷത്തിന്‍റെ സ്ഥിതി ഇതായിരുന്നു. ഗ്യാസ് ചേമ്പറില്‍ അകപ്പെട്ടത് പോലെ പുകമയം. സുപ്രീംകോടതിയുടെ കര്‍ശനമായ ഇടപെടലുകള്‍. കര്‍ഷകര്‍ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഒന്നും വായുനിലവാരം മെച്ചപ്പെടുത്തുന്നതിനെ ഒട്ടും സഹായിച്ചില്ലെന്ന് വ്യക്തം. മലിനീകരം ശക്തമായതോടെ ശ്വസന പ്രശ്നമുള്ളവര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഡല്‍ഹിലെ ജീവിതം ദുരിത പൂര്‍ണമായി. സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ഹൃദൃരോഗിയായ രാജീവ് ശര്‍മ പറയുന്നു. 

  

സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പ് കേടാണ് അന്തരീക്ഷ മലിനീകരണത്തിന്‍റെ മുഖ്യകാരണമെന്ന വികാരവും ശക്തമാണ്. കോവിഡിന്‍റെ മൂന്നാം വരവാണ് ഡല്‍ഹിയിലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. അന്തരീക്ഷ മലിനീകരണവും രോഗം വ്യാപനം വര്‍ധിക്കാന്‍ കാരണമാണ്. ദിപാവലി കാലത്തെ പടക്കം പൊട്ടിക്കല്‍ നയിന്ത്രിച്ചില്ലെങ്കില്‍ കോവിഡിന്‍റെയും മലിനീകരണത്തിന്‍റയും ആക്കം കൂടുമെന്ന ആശങ്കയും ശക്തം.