ചൈനാ വിരുദ്ധ വികാരം തുണച്ചു; ഇന്ത്യൻ വിപണി തിരിച്ചുപിടിച്ച് സാംസങ്

ചൈനയ്ക്കും ചൈനീസ് ഉൽപ്പന്നങ്ങൾക്കുമെതിരെ ഇന്ത്യയിലുയർന്ന പ്രതിഷേധം തുണച്ചത് സാംസങിനെ. രണ്ട് വർഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി സാംസങ് തിരിച്ചെത്തി. 2020 ന്റെ മൂന്നാം പാദത്തിൽ 24 ശതമാനം വിൽപ്പനയാണ് സാംസങ് നടത്തിയത്. രണ്ടാം സ്ഥാനത്ത് ഷഒമിയും വിവോ, റിയൽമീ, ഒപ്പോ എന്നിവ പിന്നാലെയുമുണ്ട്. 

ഓൺലൈൻ വിൽപ്പന സാംസങ് ഉഷാറാക്കിയതും പുത്തൻ കുതിപ്പിനെ തുണച്ചു. ആമസോണിന്റെ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്റെ ഭാഗമായെത്തിയ ഏറ്റവും മികച്ച ഓഫറുകളിലൊന്നും സാംസങിന്റേതായിരുന്നു. സാംസങ് ഗ്യാലക്‌സി എസ്10+ 43 ശതമാനം വിലക്കിഴിവിലാണ് നൽകിയത്. 79,000 രൂപ എംആര്‍പിയുള്ള 8ജിബി+128ജിബി വേര്‍ഷൻ 44,999 രൂപയ്ക്കാണ് വിറ്റത്.