സാംസങ് ഫോൾഡബിൾ ഫോണുകൾ തകർന്നു, ‘ഹാങ്’ ആകുന്ന അവകാശവാദങ്ങൾ

ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാംസങ് ഫോൾഡബിൾ ഫോൺ പുറത്തിറങ്ങും മുൻപേ പ്രതിസന്ധി നേരിടുന്നു. ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സംഘം മാധ്യമപ്രവർത്തകർക്കു നൽകിയ ഹാൻഡ്സെറ്റുകൾ തകരാറിലായതായി റിപ്പോർട്ട്. സ്ക്രീൻ പൊട്ടിയതിന്റെ ട്വീറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സാംസങ്ങിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ഫോൾഡബിൾ ഫോണിന്റെ സ്ക്രീന്‍ പ്രശ്നങ്ങൾ വൻ തലവേദനകുമെന്ന് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഔദ്യോഗികമായി പുറത്തിറങ്ങും മുൻപെയാണ് ഫോൾഡബിൾ സ്ക്രീനുള്ള ഹാൻഡ്സെറ്റ് പരാജയപ്പെട്ടിരിക്കുന്നത്. ചിലർക്ക് ഒരു ദിവസവും മറ്റു ചിലർക്ക് രണ്ടു ദിവസവും മാത്രമാണ് ഉപയോഗിക്കാൻ കഴിഞ്ഞത്. ഇതിനകം തന്നെ സ്ക്രീനിൽ പ്രശ്നങ്ങൾ കണ്ടു തുടങ്ങി. ചില ഹാൻഡ്സെറ്റുകൾ പ്രവർത്തിക്കാതെ വന്ന സംഭവങ്ങളും ഉണ്ട്.

2000 ഡോളർ വിലയുള്ള ഫോൾഡബിൾ ഫോണിന്റെ രണ്ടു സ്ക്രീനുകൾ ഒന്നിപ്പിച്ചിരിക്കുകയാണ്. എന്നാൽ കുറച്ചു നേരം ഉപയോഗിക്കുന്നതോടെ രണ്ടു സ്ക്രീനിനുമിടയിൽ ലൈൻ വീഴുകയാണ്. ഡിസ്പ്ലെയിലെ ഹാർഡ്‌വെയറുകൾക്കും പ്രശ്നം കണ്ടിട്ടുണ്ട്.

മടങ്ങിയിരിക്കുമ്പോള്‍ 4.6-ഇഞ്ച് വലുപ്പവും തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പത്തിലുള്ള ടാബ്‌ലറ്റായി വിശാലമായി വിടരാനും ശേഷിയുള്ള സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റാണ് ഗ്യാലക്സി ഫോൾ ഫോൺ.  രണ്ടു ലക്ഷം തവണ തുറക്കുകയും അടയ്ക്കുകയും ചെയ്താല്‍ ഒരു പ്രശ്‌നവും വരില്ലെന്നായിരുന്നു സാംസങ് അവകാശപ്പെട്ടിരുന്നത്. മൊത്തം ആറു ക്യാമറകളാണ് ഈ ഫോണിനുള്ളത്. മൂന്നെണ്ണം പിന്നിലും ഒന്ന് നടുക്കും, രണ്ടെണ്ണം ഉള്ളിലും. ഫോണ്‍ എങ്ങനെ പിടിക്കുന്നോ അതിനനുസരിച്ച് ഫോട്ടോ എടുക്കാമെന്ന് സാംസങ് പറയുന്നു.